പത്തനംതിട്ട കലഞ്ഞൂരിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് അച്ഛനും മകളും മരിച്ചു . കാർ യാത്രക്കാർക്കും ലോറിയിൽ ഉണ്ടായിരുന്നവരുമടക്കം നാലു പേർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ വയ്ക്കോൽ കയറ്റിയ ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു.

പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം. ശിവകാശി സ്വദേശികളായ ജനനിയും പിതാവ് സുന്ദർ രാജ് എന്നിവരാണ് ആണ് മരിച്ചത്. ജനനിയുടെ ഭർത്താവ് ആലുവ സ്വദേശി പ്രണവ് ആണ് കാറ് ഓടിച്ചിരുന്നത്. പ്രണവിനും കാറിൽ ഉണ്ടായിരുന്ന ജനനിയുടെ സഹോദരൻ ശിവസുന്ദറിനും അപകടത്തിൽ പരുക്കുണ്ട്. ആലുവയിൽ നിന്ന് ശിവകാശിയിലേക്ക് പോകുന്ന വഴി പുനലൂർ മൂവാറ്റുപുഴ പാതയിൽ കലഞ്ഞൂരിൽ വലിയ പള്ളിയുടെ മുന്നിലായിരുന്നു അപകടം. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലോറിയിൽ ഉണ്ടായിരുന്ന രണ്ടുപേരെയും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി

തമിഴ്നാട്ടിൽനിന്ന് പത്തനംതിട്ടയിലേക്ക് വൈക്കോൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.  നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് ലോറി വലിച്ചു കയറ്റിയത്. തിരുവനന്തപുരം പുളിയറ സ്വദേശികളായ ലോറി  ജീവനക്കാർ വെങ്കിടേഷ് ,  വിനോദ് കുമാർ എന്നിവർ പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്

ENGLISH SUMMARY:

Pathanamthitta accident involved a lorry losing control and crashing into a car in Kalanjur, resulting in the deaths of a father and daughter. The accident also caused injuries to four others and led to the lorry overturning into a nearby field.