സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത (High-Speed Rail) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ പഠിക്കുന്നതിനായി നാലംഗ വിദഗ്ധ സമിതിയെ രൂപീകരിച്ച് സർക്കാർ. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾക്ക് പുറമെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് കൂടി പഠിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) മുന്നോട്ടുവെച്ച അതിവേഗ റെയിൽ ആശയത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര നീക്കം.
ഗതാഗത വകുപ്പ് (റെയിൽവേ) സെക്രട്ടറി കൺവീനറായുള്ള സമിതിയിൽ വിദഗ്ധരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജെ. വിനയൻ, സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കാന്‍ ഡോ. സി. വീരമണി, പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രീധർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി (OSD) ആയ എൻ.എസ്.കെ. ഉമേഷും സമിതിയിൽ അംഗമാണ്. ഇദ്ദേഹമായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുക.
പദ്ധതി സംസ്ഥാനത്തിന് എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താൻ സമഗ്രമായ റിപ്പോർട്ടാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിവേഗ റെയിൽ പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിക്ക് സാങ്കേതികമായി എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കും. പദ്ധതിക്ക് വേണ്ടിവരുന്ന ചിലവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കുമ്പോൾ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് വിലയിരുത്തും.
നിർമ്മാണ ഘട്ടത്തിലും അതിനുശേഷവും പരിസ്ഥിതിക്ക് ഉണ്ടാകാനിടയുള്ള ആഘാതങ്ങളും അതിനെ മറികടക്കാനുള്ള നിർദ്ദേശങ്ങളും സമിതി സമർപ്പിക്കും. പദ്ധതി നടപ്പിലാക്കുമ്പോൾ സംസ്ഥാനം നേരിടേണ്ടി വരുന്ന സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ എന്തൊക്കെയാണെന്ന് സമിതി ചൂണ്ടിക്കാണിക്കും.