മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരെ രക്ഷിക്കാനായി ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന മര്‍ദനക്കേസ് അട്ടിമറിച്ചത് എഡിജിപി എം.ആര്‍.അജിത്കുമാറെന്ന് വെളിപ്പെടുത്തല്‍. അജിത്കുമാറിന്‍റെ നിര്‍ദേശപ്രകാരമാണ് അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയതെന്ന് എ.ഡി.ജി.പിയുടെ ഓഫിസിലുണ്ടായിരുന്ന എസ്.ഐമാര്‍ മൊഴി നല്‍കി. അജിത്കുമാര്‍ നേരിട്ട് പരിശോധിച്ചാണ് തിരുത്തിയ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയതെന്നും എസ്.ഐടിയുടെ ചോദ്യംചെയ്യലില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് രണ്ട് എസ്.ഐമാരും സമ്മതിച്ചു. 

ഈ കാണുന്ന മര്‍ദനത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടുകളില്‍ എഴുതിചേര്‍ത്ത് ഗണ്‍മാന്‍മാരുടെ കുറ്റകൃത്യത്തിന് വെള്ളപൂശിയത് എ.ഡി.ജി.പി അജിത് കുമാറെന്നതിലേക്ക് എത്തിച്ചേരുകയാണ് എസ്.ഐ.ടി. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ച, എ.ഡി.ജി.പിയുടെ ഓഫീസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് അജിത്കുമാറിനെതിരെ ഗുരുതര മൊഴി നല്‍കിയത്. 

മൊഴി പ്രകാരം അട്ടിമറിയുടെ തുടക്കം 2024 ഓഗസ്റ്റ് 4നാണ്. അജിത് കുമാര്‍ അന്ന് ജോലിക്കായി വയനാട് ദുരന്തഭൂമിയില്‍. അവിടെ നിന്ന് ഫോണ്‍വിളിച്ച് എത്രയും വേഗം മര്‍ദനക്കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെടാന്‍ നിര്‍ദേശിച്ചെന്നാണ് മൊഴി. അതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചാം തീയതി ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ എ.ഡി.ജി.പിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.  തെളിവില്ലെന്ന് വരുത്താനായി എഴുതി ചേര്‍ക്കേണ്ട കാര്യങ്ങള്‍ മറ്റൊരു പേപ്പറില്‍ ഡിവൈ.എസ്.പിക്ക് പ്രത്യേകം എഴുതി നല്‍കി. 

ഇതനുസരിച്ച് എത്രയും വേഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം തയാറായില്ല. അതോടെ ഓഗസ്ത് 12ന് വീണ്ടും അജിത് കുമാര്‍ ഇടപെട്ടു. അന്വേഷണസംഘത്തെ  തിരുവനന്തപുരത്തേക്ക് രണ്ടാമതും വിളിപ്പിച്ചു. 

​13,14,15 തീയതികളില്‍ എ.ഡി.ജി.പിയുടെ ഓഫീസിലിരുന്ന് കേസ് ഡയറിയും റഫര്‍ റിപ്പോര്‍ട്ടും അവര്‍ തന്നെ തിരുത്തി എഴുതിയെന്നാണ് എസ്.ഐമാരുടെ മൊഴി. ഈ സമയത്ത് ഓഫീസില്‍ ഇല്ലാതിരുന്ന അജിത്കുമാര്‍  ഫോണില്‍ നിര്‍ദേശം നല്‍കി. ഒടുവില്‍ സ്വാതന്ത്രദിനത്തിന്‍റെ അവധിയായിട്ടും ഓഗസ്റ്റ് 15ന് വൈകിട്ട് അജിത് കുമാര്‍ ഓഫീസിലെത്തി. തിരുത്തിയെഴുതിയതെല്ലാം വായിച്ച് നോക്കി അവിടെ വെച്ച് തന്നെ അന്വേഷണ ഉദ്യോഗസ്ഥനേക്കൊണ്ട് ഒപ്പിടീപ്പിച്ചാണ് വിട്ടയച്ചതെന്നും മൊഴിയില്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍ തിരുത്തല്‍ സമ്മതിക്കാതിരുന്നെങ്കിലും തെളിവ് നിരത്തി ചോദ്യം ചെയ്തതോടെ എ.ഡി.ജി.പിയുടെ സമ്മര്‍ദം മൂലം ചെയ്യേണ്ടിവന്നൂവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് രണ്ട് എസ്.ഐമാരും സമ്മതിക്കുകയായിരുന്നു. കേസ് അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട് എസ്.ഐടി ഡി.ജി.പിക്ക് നല്‍കിയാല്‍ അജിത്കുമാറിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

ENGLISH SUMMARY:

Malayala Manorama Online News reports on allegations that ADGP MR Ajith Kumar influenced the Alappuzha police brutality case to protect former Chief Minister Pinarayi Vijayan's security personnel. Two police sub-inspectors have testified that the investigation report was altered under Ajith Kumar's direction, leading to a potential cover-up.