മലയാളികളോട് എന്തോ ഇഷ്ടമാണ് വിദേശികള്‍ക്ക്. ഉള്ളറിഞ്ഞ് സഹായിക്കാനും പിന്തുണയ്ക്കാനും മലയാളികളെ കഴിഞ്ഞേ ആരും ഉള്ളൂ എന്നാണ് ഒരു പൊതുധാരണ. അത് അന്വര്‍ഥമാക്കിയിരിക്കുകയാണ് ഒരു മലയാളി. അയാളെകുറിച്ച് ഒരു അമേരിക്കന്‍ യുവതി എഴുതിയ പോസ്റ്റാണ് വൈറലായിരിക്കുന്നത്.
കേരളത്തില്‍ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ഇന്ത്യ വിറ്റ്കിന്‍ എന്ന യുവതി. കൊച്ചിയായിരുന്നു യുവതി അവസാനം സന്ദര്‍ശിച്ച സ്ഥലങ്ങളിലൊന്ന്. യുഎസിലേക്ക് ഒരു പാഴ്സല്‍ അയക്കുന്നതിന് പണമെടുക്കാന്‍ യുവതി ഒരു എടിഎമ്മില്‍ കയറി. തുടര്‍ന്ന് ഡിഎച്എല്‍ കൊറിയര്‍ ഏജന്‍സിയില്‍ കയറി പാഴ്സല്‍ കൈമാറി, പണവും കൊടുത്തു. ഷിപ്മെന്‍റിന്‍റെ വിവരങ്ങളറിയാനായി ഡിഎച്എലിലെ ജീവനക്കാരന്‍റെ നമ്പറും യുവതി വാങ്ങിയിരുന്നു.
തുടര്‍ന്ന് യുവതി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു യുവതിയുടെ മടക്കയാത്ര. എന്നാല്‍ പിന്നീട് പണമെടുക്കാനായി എടിഎമ്മില്‍ കയറിയപ്പോഴാണ് തന്‍റെ ഡെബിറ്റ് കാര്‍ഡ് കൊച്ചിയിലെ എടിഎമ്മില്‍ മറന്നുവെച്ചെന്ന് യുവതിക്ക് ഓര്‍മവന്നത്. തന്‍റെ പണവും കാര്‍ഡും നഷ്ടമാകുമോ എന്ന ഭയത്തിലായി യുവതി. പെട്ടന്ന് തോന്നിയ ബുദ്ധിയില്‍ യുവതി താന്‍ നമ്പര്‍ വാങ്ങിയ ഡിഎച്എല്‍ ജീവനക്കാരനെ വിളിച്ചു. ഉടന്‍ തന്നെ ജീവനക്കാരന്‍ എടിഎമ്മില്‍ പോയി നോക്കി. 24 മണിക്കൂറിന് ശേഷം അങ്ങനെ എടിഎം തിരിച്ചുകിട്ടി.
എന്നാല്‍ എടിഎം തിരുവനന്തപുരത്ത് എങ്ങനെ എത്തിക്കും എന്നുള്ളതായി ചര്‍ച്ച. ഞായറാഴ്ച ആയതിനാല്‍ സ്പീഡ്പോസ്റ്റ് അയക്കാനായില്ല. തിങ്കളാഴ്ച സ്പീഡ് പോസ്റ്റ് അയച്ചാല്‍ യുവതി ഫ്ലൈറ്റ് കയറിക്കഴിഞ്ഞേ എടിഎം എത്തൂ എന്ന അവസ്ഥയാണെന്ന് കൃഷ്ണന്‍ യുവതിയെ ബോധിപ്പിച്ചു. തന്‍റെ എടിഎം ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയില്‍ യുവതിക്ക് ഉറക്കം നഷ്ടമായി.
തുടര്‍ന്ന് അര്‍ധരാത്രി യുവതിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. നോക്കുമ്പോള്‍ കൃഷ്ണന്‍. താങ്കള്‍ ഒന്ന് വീടിന് പുറത്തേക്ക് വരൂ എന്നായി കൃഷ്ണന്‍. കൗതുകത്തോടെ പുറത്തിറങ്ങിയ യുവതി കണ്ടത് തന്‍റെ ഡെബിറ്റ് കാര്‍ഡുമായി ഓട്ടോയില്‍ വന്നിറങ്ങുന്ന കൃഷ്ണനെയാണ്. അഞ്ച് മണിക്കൂര്‍ സുഹൃത്തുക്കളോടൊപ്പം ഓട്ടോയില്‍ യാത്ര ചെയ്തായിരുന്നു കൃഷ്ണന്‍ ഇന്ത്യാ വിറ്റ്കിന് അവരുടെ ഡെബിറ്റ് കാര്‍ഡ് തിരിച്ചേല്‍പ്പിച്ചത്. കൃഷ്ണന്‍ ദൈവത്തിന്‍റെ പേരാണെന്നും ദൈവദൂതനാണെന്നും പറഞ്ഞ് യുവതി ഇന്‍സ്റ്റാഗ്രാമില്‍ ഡെബിറ്റ് കാര്‍ഡ് തിരിച്ചുവാങ്ങുന്നതിന്‍റെ വിഡിയോയുമിട്ടു. പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കൃഷ്ണന്‍ വാങ്ങിയില്ലെന്നും യുവതി കുറിച്ചു. വിഡിയോ വൈറലായതോടെ ഒട്ടേറെപ്പേരാണ് കൃഷ്ണനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.