പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ പരോളിലിറങ്ങി വെല്ലുവിളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം രംഗത്ത്. കേസിലെ ഏഴാം പ്രതി അശ്വിൻ പരോളിലിറങ്ങി റീൽസ് ചിത്രീകരിച്ച് പങ്കുവെച്ചത് വലിയ ചട്ടലംഘനമാണെന്നും കല്യോട്ട് നാട്ടിൽ വീണ്ടും കലാപാന്തരീക്ഷം ഉണ്ടാക്കാൻ ഇത് കാരണമാകുമെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രതികളുടെ പരോൾ റദ്ദാക്കി ജയിലിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ്, ഡി.ജി.പി, ജയിൽ സൂപ്രണ്ട് എന്നിവർക്ക് അടിയന്തര പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

"കൊലപാതക പ്രതികളെ ഇതേ നാട്ടിലേക്ക് തന്നെ വിട്ടയച്ചിരിക്കുകയാണ്. മുൻപ് ഞങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരോളിലിറങ്ങാൻ ബാക്കിയുണ്ടായിരുന്ന നാല് പേരുടെ അനുമതി റദ്ദ് ചെയ്തിരുന്നു. എന്നാൽ നിലവിൽ പുറത്തിറങ്ങിയ ആറ് പേരിൽ പെട്ട അശ്വിൻ എന്ന പ്രതിയാണ് ഇപ്പോൾ റീൽസുമായി നാട്ടിൽ വിലസുന്നത്." 

''നേരിട്ട് പരോളിന് അപേക്ഷിക്കുന്നതിന് പകരം, നാട്ടിലേക്ക് സ്വന്തം വീട്ടിലേക്ക് വരാനുള്ള അവകാശം മാത്രം ചോദിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പരോൾ വാങ്ങിച്ചെടുത്തത്. അങ്ങനെ വന്നിട്ടാണ് ഇപ്പോൾ വലിയ രീതിയിൽ റീൽസ് ഒക്കെ ചെയ്ത് വെല്ലുവിളിക്കുന്നത്. കല്ല്യോട്ട് നാട്ടിൽ വലിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. നിലവിൽ പൊലീസ് ഇടപെടുന്നത് കൊണ്ടാണ് ഇവിടുത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമായി പോകുന്നത്." - സത്യനാരായണൻ പറഞ്ഞു.

ചട്ടങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയ വഴി പ്രകോപനം സൃഷ്ടിക്കുന്ന പ്രതിയുടെ പരോൾ എത്രയും പെട്ടെന്ന് റദ്ദാക്കി തിരികെ ജയിലിലടയ്ക്കാനുള്ള സംവിധാനമുണ്ടാക്കാൻ സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആഭ്യന്തര വകുപ്പിനും ഡി.ജി.പിക്കും ജയിൽ സൂപ്രണ്ടിനും ഇതുസംബന്ധിച്ച ഔദ്യോഗിക പരാതി ഉടൻ കൈമാറും. 

ENGLISH SUMMARY:

Periya double murder case accused, currently out on parole, are filming defiant social media reels. Sharathlal's family has lodged a strong protest against this parole violation, fearing it will reignite tensions in Kaloth village.