കോട്ടയം മുളക്കുളം മൂര്‍ക്കാട്ടിപ്പടിയിലെ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തി ഹോട്ടലുടമ. ഉദ്യോഗസ്ഥരെത്തുമ്പോള്‍ അങ്ങേയറ്റം വൃത്തീഹീനമായ അവസ്ഥയിലായിരുന്നു ഹോട്ടലിന്‍റെ അടുക്കളയും പരിസരവും. അരിഞ്ഞ പച്ചക്കറികള്‍ അഴുക്കുപിടിച്ച പാത്രങ്ങളില്‍ വച്ചിരിക്കുന്നതും ചെളി നിറഞ്ഞ തറയും തീര്‍ത്തും വൃത്തിഹീനമായ പരിസരവുമെല്ലാം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴായിരുന്നു ഉടമ ബെഞ്ചമിന്‍റെ തെറിയഭിഷേകം.
തുറന്നുവച്ച ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക് കവറുകളും പരിശോധിക്കുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലതയുടെ ചുറ്റുംനടന്ന് ബെഞ്ചമിന്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ‘വര്‍ഷങ്ങളായി ഞാനിത് തുടങ്ങിയിട്ട്. നിങ്ങള്‍ എന്നാ @#$@^%@... ഉണ്ടാക്കുന്നത്, നിങ്ങള്‍ക്ക് പൂട്ടിക്കാനല്ലേ അറിയാവൂ. നിങ്ങള്‍ ചുമന്നോണ്ട് പോടീ @%#&@$. എന്റടുത്ത് കളിക്കാന്‍ വരരുത് കേട്ടോ...’ ബെഞ്ചമിന്‍റെ അസഭ്യവര്‍ഷവും ഭീഷണിയും കേട്ടിട്ടും വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുലുങ്ങിയില്ല. അവര്‍ വിശദമായ പരിശോധന നടത്തി തെളിവുകളും ചിത്രങ്ങളും ശേഖരിച്ചു.
‘മനുഷ്യന് കൊടുക്കാന്‍ തന്നെയല്ലേ ചേട്ടാ ഇതൊക്കെ ഉണ്ടാക്കുന്നത്’ – അടുക്കളയില്‍ കണ്ട കാഴ്ചയെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ചോദ്യത്തിന് ജീവനക്കാര്‍ക്ക് മറുപടിയുണ്ടായില്ല. അഴുക്കുപിടിച്ച പാത്രങ്ങള്‍ ചൂണ്ടിക്കാട്ടി, ‘വേസ്റ്റ് ഇടുന്ന പാത്രം പോലും ഞങ്ങളൊക്കെ കഴുകി വയ്ക്കും. എത്ര അഴുക്കുപിടിച്ച പാത്രത്തിലാണ് ഈ പച്ചക്കറി വച്ചിരിക്കുന്നത്. കഴുകിയാല്‍ പോകുന്ന അഴുക്കേ ഇതിലുള്ളു. എന്തു വൃത്തികേടാണ് ഇതെന്ന് നോക്കൂ.’ - ഉദ്യോഗസ്ഥ ചോദിച്ചു. ഒപ്പമുണ്ടായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഫോട്ടോകളും വിഡിയോയും ചിത്രീകരിച്ചു. നീയൊക്കെ ഫോട്ടോ എടുത്ത് ഏത് $@%#^@&... ലേക്കോ കൊണ്ടുപൊയ്ക്കോ @#@&%@#... എന്നായിരുന്നു ബെഞ്ചമിന്‍റ പ്രതികരണം.
കഴിഞ്ഞയാഴ്ചയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബെഞ്ചമിന്‍റെ ഹോട്ടലില്‍ പരിശോധന നടത്തുകയും ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹോട്ടലുടമ ഇത് വകവച്ചില്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ കടയുടമക്കെതിരെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലതയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വസീമും പൊലീസില്‍ പരാതി നല്‍കി. ബെഞ്ചമിനെതിരെ വെള്ളൂര്‍ പൊലീസ് കേസെടുത്തു.