rain-cloud

സംസ്ഥാനത്ത് കാലവര്‍ഷമെത്തി. സാധാരണയേക്കാള്‍ മൂന്നുദിവസം വൈകിയാണ് മഴയെത്തിയത്. ഇത്തവണ മഴ കുറഞ്ഞേക്കുമെന്നും മുന്നറിയിപ്പ്.  മൂന്നുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ട്. ഏഴാം തീയതിവരെ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

കണ്ണൂർ ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ. ഇന്ന് രാവിലെ 11 മുതൽ ക്രമാനുഗതമായി തുറന്ന് ജലവിതാനം ക്രമീകരിക്കും. അതിനാൽ ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

 

തിരുവനന്തപുരം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 

കേരളത്തിൽ കാലവർഷം എത്തുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാനാണ് സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

 

കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാംപുകൾ തുറന്നു എന്ന് ഉറപ്പാക്കണമെന്നും പകൽ സമയത്ത് തന്നെ അങ്ങോട്ടേക്ക് മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

 

ENGLISH SUMMARY:

Kerala monsoon has arrived, though it is three days later than usual, with warnings of reduced rainfall this year. Orange alerts have been issued for three districts, and yellow alerts for eleven, with chances of strong winds and thunderstorms expected until the 7th.