കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയ വി മുരളീധരന്‍ എംഎൽഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ എ റഹീം എംപി. തിരുവനന്തപുരം ട്രൈബല്‍ സ്കൂളിലെ പ്രവേശനോല്‍സവത്തില്‍ മുരളീധരന്‍ കുട്ടികളോട് കാണിച്ചത് അപമാനകരമായ പ്രവര്‍ത്തിയാണെന്ന് എ എ റഹീം പറഞ്ഞു. മനസിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത് എന്നായിരുന്നു വി മുരളീധരനോട് എ എ റഹീമിന്‍റെ ചോദ്യം. ഫെയ്സ്ബുക്കിലൂടെയായിരുന്നു റഹീമിന്‍റെ പ്രതികരണം.
എ എ റഹീം പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ! മനസിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? അവർ മിടുക്കരായ കുട്ടികളാണ്. എല്ലാവർക്കും പ്രിയപ്പെട്ടവർ, സ്നേഹിക്കാൻ മാത്രം അറിയുന്നവർ. അവരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവർത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു'.
'ഒന്നിലേറെത്തവണ ആ സ്കൂളിൽ പോകുകയും, ആ മക്കളുടെ സ്നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തുപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്...ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ..ഇതേ സ്കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എം എൽ എ സഖാവ് കടകംപള്ളി സുരേന്ദ്രൻ സിനിമ കാണാൻപോയത്'.
'സംസ്ഥാനത്തിന്റെ വിവിധ ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള പെൺകുട്ടികളാണ് ഈ സ്‌കൂളിലുള്ളത്. മിടുക്കരായ കുട്ടികൾ. മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എം എൽ എ നിരുപാധികം മാപ്പ് പറയണം. മനുസ്മൃതി അല്ല, അംബേദ്‌കറും, ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്' എന്നാണ് റഹീം ഫെയ്സ്ബുക്കില്‍ കുറിച്ചത്.