ഷുഹൈബ് വധക്കേസില്‍ ജൂണ്‍ ഒന്നുവരെ വിചാരണ സ്റ്റേ ചെയ്ത് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്‍റെ ഹര്‍ജിയിലാണ് തീരുമാനം. ഈ ഹര്‍ജി ജൂണ്‍ ഒന്നിന് പരിഗണിക്കും. 2018 ഫെബ്രുവരി 12ന് രാത്രി 10.30ന് കീഴല്ലൂർ തെരൂരിലെ തട്ടുകടയിൽ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിച്ചിരിക്കുകയായിരുന്ന എസ്.പി ഷുഹൈബിനെ ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നുവെന്നാണ് കേസ്. കേസിന്‍റെ വിചാരണ കഴിഞ്ഞ ദിവസമാണ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റൂബി കെ.ജോസിന് മുന്‍പില്‍ ആരംഭിച്ചത്. കേസിലെ പരാതിക്കാരൻ, ഒന്നാം സാക്ഷി കെ.റിയാസിനെ വിസ്തരിച്ചു. ഒന്നുമുതൽ 5 വരെ പ്രതികളായ, ആകാശ് തില്ലങ്കേരി (31), റജിൽരാജ് (32), എ.ജിതിൻ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ.അസ്കർ (34) എന്നിവരെയും വെട്ടാനുപയോഗിച്ച ആയുധങ്ങളും പ്രതികൾ സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും സാക്ഷി തിരിച്ചറിഞ്ഞു.
ഇന്നലെ കോടതിയിൽ തിരിച്ചറിഞ്ഞ പ്രതികൾക്കുപുറമേ, സാജ് നിവാസിൽ കെ.ബൈജു (44), തില്ലങ്കേരി ആലയാട് പുതിയപുരയിൽ പി.പി.അൻവർസാദത്ത് (31), പാലയോടുമൂട്ടിൽ കെ.അഖിൽ (31), തെരൂർ സാജ് നിവാസിൽ കെ.സഞ്ജയ് (29), രജത് നിവാസിൽ കെ.രജത് (30), എളമ്പാറ കമ്മാനം കാട്ടൂർ ഹൗസിൽ കെ.വി.സംഗീത് (30), മട്ടന്നൂർ കിളിയങ്ങാട് മേറ്റടി പുതിയവീട്ടിൽ പി.കെ.അഭിനാഷ് (27), എടയന്നൂർ പാലയോട് തെരൂർ കുട്ടിക്കുന്ന് നിലാവ് ഹൗസിൽ സി.നിജിൽ (35), എളമ്പാറ അഭിനന്ദനം ഹൗസിൽ കെ.പി.പ്രശാന്ത് (56), പാലയോട് തെരൂർ പാലത്താൻകുന്ന് എ.പി.സിനീഷ് (37), മൂട്ടിൽ ഹൗസിൽ എ.കെ.സുബിൻ (33), മുഴക്കുന്ന് ഗ്രാമം കേളോത്ത് ഹൗസിൽ വി.പ്രജിത്ത് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്ത തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. നടപടി പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവിട്ടത്. പ്രതികളെ ഉടൻ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനും വിചാരണക്കോടതിയോട് നിർദേശിച്ചു. ജാമ്യം റദ്ദാക്കിയ സാഹചര്യം സംബന്ധിച്ച വിശദീകരണം മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ നൽകണം. പ്രതികളുടെ ഹർജി വിശദവാദത്തിനായി ജൂൺ 5ലേക്കും മാറ്റി വച്ചിരുന്നു. വിചാരണയിൽ നിസ്സഹരിക്കുകയാണെന്നും ഇത്തരം സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാമെന്ന് സുപ്രീംകോടതിയുടെ നിർദേശമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സെഷൻസ് കോടതി ഉത്തരവ്.