എറണാകുളം മലയിടംതുരുത്ത് പര്യാത്തുകാവിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് ഹൈക്കോടതി 15 ദിവസം നൽകിയിട്ടും പ്രശ്ന പരിഹാരത്തിന് വഴിതെളിയാതെ സർക്കാർ വെട്ടിൽ. സർക്കാർ മുന്നോട്ടുവച്ച പാക്കേജുകൾ അംഗീകരിക്കില്ലെന്നും സ്വന്തം മണ്ണിൽ തന്നെ തുടരുമെന്നുമുള്ള ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ.പ്രശ്നപരിഹാരത്തിനായി മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ നടന്നുവെങ്കിലും ഫലമുണ്ടായില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഭൂവുടമകളും ഉന്നതിയിലെ നിവാസികളും സ്വീകരിച്ചത്
ആനുകൂല്യങ്ങളോ പുനരധിവാസമോ ആവശ്യമില്ലെന്നും, പാരമ്പര്യമായി ജീവിച്ചുപോന്ന ഈ മണ്ണിൽ തന്നെ ഇനിയും കഴിയണമെന്നുമാണ് ഇവരുടെ ആവശ്യം.പ്രദേശത്തെ 19 ഏക്കർ സ്ഥലം പൂർണ്ണമായും അളന്നു തിരിക്കണമെന്നും സ്ഥിരതാമസത്തിന് അനുമതി വേണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. ജൂൺ ഒമ്പതിനകം ഭൂമി കൈമാറണമെന്നാണ് ഹൈക്കോടതി സർക്കാരിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജനരോഷം മറികടന്ന് എങ്ങനെ മുന്നോട്ടുപോകുമെന്ന ആലോചനയിലാണ് ജില്ലാ ഭരണകൂടവും സർക്കാരും.