Untitled design - 1

 പതിനേഴുവര്‍ഷമായി കോഴിക്കോട്ട് ഫെഡറല്‍ ബാങ്കിന്‍റെ സോണല്‍ ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനാണ് രാഘവന്‍. കൃത്യസമയത്ത് ജോലിക്കെത്തും, കൃത്യമായി ജോലി ചെയ്യും. ഒപ്പമുള്ളവരോടെല്ലാം നന്നായി പെരുമാറും. നെഗറ്റീവ് ആയി ഒന്നുമില്ലാത്തതുകൊണ്ടാകണം, രാഘവനെക്കുറിച്ച്, അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് ഒരുപാടൊന്നും ചോദിച്ചറിയാന്‍ സഹപ്രവര്‍ത്തകര്‍ക്ക് തോന്നിയില്ല.

പക്ഷേ ഒരുദിവസം ബാങ്കിലെ സഹപ്രവര്‍ത്തകരില്‍ ഒരാളായ മധുവിനോട് സംസാരിക്കുമ്പോള്‍ രാഘവവേട്ടന്‍ തന്‍റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. വീടിനെക്കുറിച്ച് പറഞ്ഞു. കുറ്റ്യാടി കടയങ്ങാടാണ് രാഘവന്‍റെ വീട്. മണ്ണിട്ട് കെട്ടിപ്പൊക്കിയ തറ. അതിന് മുകളില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ കൂര.

അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം വളരെ അകലെയായിരുന്നു. സംഭാഷണത്തിനിടെ തികച്ചും യാദൃശ്ചികമായാണ് മധുവിനോട് ഇതൊക്കെ പറഞ്ഞത്. പക്ഷേ അത് രാഘവന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. രാഘവേട്ടന്‍റെ അവസ്ഥ ബാങ്കില്‍, ജീവനക്കാര്‍ക്കിടയിലും മുന്‍പ് രാഘവനൊപ്പം ജോലിചെയ്തിട്ടുള്ളവര്‍ക്കിടയിലും ചര്‍ച്ചയായി. താല്‍ക്കാലികജോലി ആയതിനാല്‍ ബാങ്കില്‍ നിന്ന് വായ്പ നല്‍കാന്‍ കഴിയില്ല. സ്വന്തമായി വായ്പയെടുക്കാനുള്ള ശേഷിയുമില്ല. അങ്ങനെയാണ് വീട് നിര്‍മാണം ഏറ്റെടുക്കാന്‍ ബാങ്കിലെ സഹപ്രവര്‍ത്തകരും മുന്‍ സഹപ്രവര്‍ത്തകരും തീരുമാനിച്ചത്.

അതിനായി ഒരു വാട്സാപ് കൂട്ടായ്മ പിറന്നു. രാഘവേട്ടന്‍റെ സ്വപ്നവീട് എന്ന ലക്ഷ്യത്തിനായി അവര്‍ ഒറ്റക്കെട്ടായി നിന്നു. പിന്നീട് കാര്യങ്ങൾ വേഗത്തിലായി. പഴയവീട് പൊളിച്ച് അവിടെ രാഘവേട്ടന്‍റെ സ്വപ്നത്തിന് അടിത്തറയിട്ടു. ആറു മാസത്തിനകം 850 സ്ക്വയര്‍ ഫീറ്റില്‍ ആ വീടുയര്‍ന്നു. കൂട്ടായ്മയില്‍ നിന്ന് 14 ലക്ഷം രൂപ സ്വരൂപിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടെന്ന മോഹം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് രാഘവേട്ടനും ഭാര്യയും മകൾ ഏഴ് വയസുകാരി ജാൻവിയും. ​മനസുനിറഞ്ഞ സന്തോഷത്തോടെ രാഘവേട്ടൻ താക്കോൽ കൈപ്പറ്റി. വീടിന്‍റെ പാലുകാച്ചൽ ചടങ്ങിലെ കാര്യങ്ങളെല്ലാം നോക്കി നടത്തിയതും ബന്ധുക്കളായി ഒപ്പം നിന്നതും കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെ.

 

ENGLISH SUMMARY:

Malayala Manorama Online News reports on Raghaveyettan's dream home becoming a reality thanks to the Federal Bank Kozhikode staff. This heartwarming initiative showcases how a WhatsApp group of bank employees, both current and retired, came together to build a secure home for a deserving temporary employee.