എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. കസേരയിൽ ഇരിക്കുന്ന ഉന്നതൻ രാജാവായിട്ടാണ് പെരുമാറുന്നതെന്ന് ശ്രീകുമാരൻ തമ്പി വിമർശിച്ചു. പറവൂരില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് നല്‍കിയ സ്വീകരണപ്രസംഗത്തിലായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. 

'വർഗീയതയുടെ ചിഹ്നമായിട്ടല്ല എൻഎസ്എസ് രൂപം കൊണ്ടത്. നായർ ഭൃത്യ ജന സംഘം എന്നാണ് മന്നത്ത് പത്മനാഭൻ ഇട്ട പേര്. ഇതാണ് പിന്നീട് നായർ സർവീസ് സൊസൈറ്റിയായത്. അവിടെ കസേരയിൽ ഇരിക്കുന്ന ഉന്നതൻ നായർ സമുദായത്തിന്‍റെ ഭൃത്യനായിട്ടാണോ പെരുമാറുന്നത്? അല്ല, രാജാവായിട്ടാണ്. ജനങ്ങളായിരിക്കണം മുന്നിൽ. ജനങ്ങളില്ലെങ്കിൽ ഒരു നേതാവുമില്ല എന്ന് മനസ്സിലാക്കുന്നവർക്കേ നല്ല ഭരണാധികാരി ആവാൻ കഴിയൂ. ഈ സത്യം മനസ്സിലാക്കുന്ന ഒരാളാണ് വി.ഡി.സതീശൻ. അദ്ദേഹത്തെ കുറിച്ച് തനിക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ട്. ഈ കയ്യടികളെല്ലാം ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതിഫലനങ്ങളാണ്,' ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ലെന്ന് ചൂണ്ടിക്കാണിച്ച ശ്രീകുമാരൻ തമ്പി സതീശന്‍റെ സ്വഭാവമാണ് അതിന് കാരണമെന്നും പറഞ്ഞു. ജനങ്ങളുടെ വോട്ട് നേടിയ ശേഷം ഞാൻ രാജാവും വോട്ട് ചെയ്തവർ പ്രജകളുമാണ് എന്ന് കരുതിയാൽ ദുഃഖിക്കേണ്ടി വരും. വി ഡി സതീശൻ അങ്ങനെയുള്ള ഒരാളല്ല എന്നത് കൊണ്ടാണ് ഈ പരിപാടിക്ക് വന്നത്. ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിമാരും രാജാക്കന്മാരല്ലെന്നും ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാണിച്ചു.

ENGLISH SUMMARY:

Sreekumaran Thampi criticizes NSS General Secretary Sukumaran Nair, praising VD Satheesan. He highlighted that a leader in power should act as a servant of the people, not a king, and that VD Satheesan understands this fundamental truth.