ഷഹബാസിന്‍റെ സ്വപനമായിരുന്നു സ്വന്തമായൊരു വീട്. ഉപ്പയും ഉമ്മയും സഹോദരങ്ങളുമൊന്നിച്ച് സ്വന്തം പുരയിടത്തില്‍ സന്തോഷത്തോടെയുള്ള ജീവിതം. പാതിനിലച്ച വീടിന്‍റെ പണി പൂര്‍ത്തിയാക്കി കുടുംബം ഇന്ന് പുതിയ വീട്ടിലേക്ക് കയറിത്താമസിക്കുമ്പോള്‍ കണ്ടുനിന്നവരുടെ നെഞ്ച് നീറി....ഒന്നിച്ചുകണ്ട സ്വപ്നത്തില്‍ പങ്കുചേരന്‍, പുതിയ വീട്ടില്‍ താമസിക്കാന്‍ ഷഹബാസ് ഇല്ല.. മകന്‍ പഠിച്ച സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ പണിപൂര്‍ത്തിയാക്കി നല്‍കിയ വീടിന്‍റെ സ്നേഹത്തണലില്‍ ഷഹബാദിസിന്‍റെ കുടുംബം അന്തിയുറങ്ങും.
വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് താമരശേരിയില്‍ കൊല്ലപ്പെട്ട ഹബാസിന്‍റെ പാതിവഴയില്‍ നിര്‍മാണം നിലച്ച വീടിന്‍റെ പണിയാണ് എളേറ്റില്‍ എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ എംഎജെഒഎസ്എ പൂര്‍ത്തീകരിച്ചത്. വീടിന്‍റെ താക്കോല്‍ പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ് എംഎ ഗഫൂര്‍ ഷഹബാസിന്‍റെ കുടുംബത്തിന് കൈമാറി. സ്കൂളിലെ അധ്യാപകരും മാനേജ്മെന്‍റും കൈത്താങ്ങായി ഒപ്പംനിന്നു. വാടകവീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. പിതാവ് മുഹമ്മദ് ഇഖ്ബാല്‍ പെയിന്‍റിങ് പണി ചെയ്താണ് കുടുംബം പോറ്റുന്നത്.
താമരശേരിയിലെ ട്യൂഷന്‍ സെന്‍ററിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഷഹബാസ് കൊല്ലപ്പെടുന്നത്. ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഷഹബാസിനെ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമം ആസൂത്രണം ചെയ്യാനായി സാമൂഹികമാധ്യമത്തിലടക്കം വിദ്യാര്‍ഥികള്‍ ഗ്രൂപ്പുകളുണ്ടാക്കിയിരുന്നു. ഇതിലെ ശബ്ദസന്ദേശമടക്കം പുറത്തുവന്നു. അക്രമത്തിനായി യൂട്യൂബിലൂടെ നഞ്ചക്കിനെ കുറിച്ച് പ്രതികള്‍ പഠിച്ചു. അതിനുശേഷമായിരുന്നു മര്‍ദനം. ഫെബ്രുവരി 28നാണ് വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ ഷഹബാസിന് മര്‍ദനമേറ്റത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ചികിത്സയിലിരിക്കെ മെയ് ഒന്നിന് മരണപ്പെട്ടു.