ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപെട്ട കുറെപ്പേർ പുനരധിവസിക്കപ്പെട്ടപ്പോൾ അതിൽപെടാത്ത ഒരുപാട് കുടുംബങ്ങളുണ്ട്. അർഹത ഉണ്ടായിട്ടും ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് പുറത്തായ കുടുംബങ്ങൾ ഒരു വീടിനായി കാത്തിരിക്കുകയാണ്. അതിൽ ഒരാളായ അമരാവതി അമ്മയുടെ പ്രതീക്ഷ പുതിയ സർക്കാരിലാണ്. 

വിഷമത്തിന്‍റെ ഭാരവും പേറി കഴിയുകയാണ് അമരാവതി അമ്മയും കുടുംബവും. ഭർത്താവും മകളും അടങ്ങുന്ന കുടുംബം 40 വർഷത്തിലേറെയായി പടവെട്ടിക്കുന്നിലായിരുന്നു താമസം. ആ ജീവിതം തകർത്തത് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമായിരുന്നു. ഭർത്താവ് നെഞ്ചുവേദനയെ തുടർന്ന് കിടപ്പിലാണ്. സർക്കാർ ടൗൺഷിപ്പിൽ വീട് ലഭിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചെങ്കിലും പട്ടികയിൽ പേരുണ്ടായില്ല. ഇപ്പോൾ പടിഞ്ഞാറത്തറയിലെ സർക്കാർ ക്വാർട്ടേഴ്സിലാണ് താമസം. എല്ലാ മാസവും ലഭിക്കുന്ന വാടകയും ദിനബത്തയും മുടങ്ങിയാൽ ഈ കുടുംബം ദുരന്തഭൂമിയിലേക്ക് തന്നെ തിരികെ പോകേണ്ടി വരും. 

ദുരന്തത്തിന് ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. പൊട്ടി തകർന്ന വീട്ടിൽ വൈദ്യുതിയും ഇല്ല . പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ പുനരധിവാസ ലിസ്റ്റിൽ പേര് ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് അമരാവതി അമ്മ. ആ പ്രതീക്ഷ മാത്രമാണ് ഇവരെ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്.

ENGLISH SUMMARY:

Amravati Amma, a victim of the Churulamala Mundakkai landslide, is hoping for a house under the new government's rehabilitation plan. Despite being eligible, her family was excluded from the township project and now lives in government quarters, fearing displacement if aid ceases