ലഹരിയെ തടയാന്‍ തൂഫാന്‍ എന്ന പേരില്‍ കര്‍മപദ്ധതി തയാറാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരിയുടെ വരവിന്‍റെ വേരറക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ സമൂലമാറ്റമെന്നും പ്രഖ്യാപനം. പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ എസ്.എച്ച്.ഒ സംവിധാനം പൊളിച്ചെഴുതാനായി അഞ്ചംഗ കമ്മിറ്റിയേയും നിയോഗിച്ചു.
പത്ത് വര്‍ഷത്തിന് ശേഷം ആഭ്യന്തരമന്ത്രിയായി പൊലീസ് ആസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ രണ്ടാംവരവ്. പൊലീസ് ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും എസ്.പി മുതലുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ രമേശ് ചെന്നിത്തല തന്നെ ലഹരിക്കെതിരെ പോരാട്ടമെന്ന തന്‍റെ സ്വപ്ന പദ്ധതി പ്രഖ്യാപിച്ചു. സ്കൂളുകളിലേക്കും യുവാക്കളിലേക്കും പടര്‍ന്ന് പിടിക്കുന്ന, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കടന്നുവരുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി തടയാനുള്ള പദ്ധതി. സ്കൂള്‍ തുറക്കുന്ന ദിവസം തുടക്കമിടുന്ന പോരാട്ടത്തിന് കൊടുങ്കാറ്റ് എന്ന അര്‍ത്ഥം വരുന്ന തൂഫാന്‍ ദ് നര്‍ക്കോടിക് ഹണ്ട് എന്ന് പേരും പ്രഖ്യാപിച്ചു.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ സമൂലമാറ്റം വരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്റ്റേഷനിലെത്തുന്നവരെ ഗുഡ്മോണിങ് പറഞ്ഞ് സ്വീകരിക്കും. എസ്.എച്ച്.ഒ സംവിധാനം മാറ്റുന്നത് പരിഗണനയില്‍. സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കംചെയ്യും. പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കുമെന്നും സൈബര്‍ ക്രൈമിന് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
ചെന്നിത്തലയുടെ രണ്ടാം പ്രഖ്യാപനം പിണറായി വിജയന്‍ നടപ്പാക്കിയ പദ്ധതിയുടെ പൊളിച്ചെഴുത്താണ്. സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് നല്‍കിയ രീതി മാറ്റി എസ്.ഐമാര്‍ക്ക് നല്‍കാനാണ് ആലോചന. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇതിനേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗകമ്മിറ്റി രൂപീകരിച്ചു. കൂടാതെ സ്റ്റേഷനുകളുടെ മുഖം അടിമുടി മാറുന്ന പ്രഖ്യാപനവും. പൊലീസിന്‍റെ പരിശീലന സിലബസ് മാറ്റും, സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ഉള്‍പ്പടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയും ആദ്യയോഗത്തില്‍ പ്രഖ്യാപിച്ചു.