കിഴക്കമ്പലം മലയിടംതുരത്ത് ഉന്നതി ഒഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സർക്കാർ. ഉന്നതി ഒഴിപ്പിക്കൽ നടപടിയില്‍ കോടതിയോട് സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രദേശത്തെ നിലവിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശിക്കുന്നത് അനുസരിച്ച് മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടിയിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ എറണാകുളത്തുനിന്നുള്ള മന്ത്രി റോജി എം.ജോണിനെയും സ്ഥലം എംഎല്‍എ വി.പി.സജീന്ദ്രനെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
അതേസമയം, വിഷയത്തിൽ എൽഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷക്കാലം ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രമായ ഒരു സർക്കാരിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം മലയിടം തുരുത്തിലെ പട്ടിക ജാതി കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് എം എം എൽ എ വി പി സജീന്ദ്രൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. പ്രശ്നപരിഹാര ഫോർമുലയ്ക്ക് ശ്രമിക്കുകയാണെന്നും സജീന്ദ്രൻ മനോരമ ന്യൂസിനോട് വ്യക്തമാക്കി.ഈ കുടുംബങ്ങൾക്ക് വേണ്ടി 10 വർഷമായി ഒന്നും ചെയ്യാത്ത മുൻ എംഎൽഎ പി.വി.ശ്രീനിജനും പി.രാജീവും രാഷ്ട്രീയം കളിക്കുകയാണെന്നും സജീന്ദ്രൻ ആരോപിച്ചു.