'അന്ധവിശ്വാസങ്ങളുടെ' പേരില്‍ കുപ്രസിദ്ധമായ മന്‍മോഹന്‍ ബംഗ്ലാവ് താമസത്തിനായി തിരഞ്ഞെടുത്ത ഒ.ജെ.ജനീഷിനെ പ്രശംസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. കേരള രാഷ്ട്രീയത്തിൽ 'ഭാഗ്യക്കേടിന്റെയും' 'അന്ധവിശ്വാസങ്ങളുടെയും' പേരിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഔദ്യോഗിക മന്ത്രിമന്ദിരമാണ് മന്‍മോഹന്‍ ബംഗ്ലാവ്. ഇവിടെ താമസിക്കുന്ന മന്ത്രിമാർക്ക് കാലാവധി തികയ്ക്കാനാകില്ലെന്നും നിയമസഭയിൽ പിന്നീട് എത്തില്ലെന്നുമുള്ള പ്രചാരണങ്ങളാണ് ഇതിന് കാരണം. 

അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞ് തുടക്കത്തിൽത്തന്നെ പ്രതീക്ഷയാവുന്ന യുവ സ്നേഹിതൻ മന്ത്രി ഒ.ജെ.ജനീഷിനെ അഭിമാനപുരസ്സരം അഭിവാദ്യം ചെയ്യുന്നുവെന്ന് വി.ടി.ബല്‍റാം പറഞ്ഞു. 'പൊതുപ്രവർത്തകന് മറ്റെന്തിനേക്കാൾ വിശ്വാസമുണ്ടാവേണ്ടത് ജനങ്ങളിലാണ്. ജനങ്ങൾ കൂടെയുണ്ടെങ്കിൽ, നാടിന് നന്മ ചെയ്ത് മുന്നോട്ടു പോവുകയാണെങ്കിൽ മറ്റ് "അതീന്ദ്രിയ ശക്തികൾ"ക്കൊന്നും കാര്യമായ റോളുണ്ടാകില്ല എന്നതാണ് എൻ്റെ പക്ഷം,' ബല്‍റാം കുറിച്ചു. 

2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ ഇവിടെ താമസമാക്കിയപ്പോൾ ലക്ഷങ്ങൾ ചെലവഴിച്ച് വാസ്തുദോഷം മാറ്റാൻ മോടിപിടിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പിന്നീട് അദ്ദേഹം ഈ വസതി ഒഴിഞ്ഞു. ശേഷം വന്ന പൊതുമരാമത്ത് മന്ത്രി ടി.യു. കുരുവിളയ്ക്ക് ഭൂമിയിടപാട് വിവാദത്തിൽ പെട്ട് രാജിവെക്കേണ്ടി വന്നു. അദ്ദേഹത്തിന് ശേഷം വന്ന മോൻസ് ജോസഫിനും പി.ജെ. ജോസഫിനും കാലാവധി തികയ്ക്കാനായില്ല.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇവിടെ താമസിച്ച ആന്റണി രാജുവിന്, മുന്നണി ധാരണപ്രകാരം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. പിന്നീട് കോടതി വിധിയെ തുടർന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തു.

അതേസമയം അന്ധവിശ്വാസങ്ങളെ തിരുത്തിയ ചരിത്രവും ബംഗ്ലാവിനുണ്ട്. ആര്യാടൻ മുഹമ്മദ്, ഡോ. ടി.എം. തോമസ് ഐസക്ക് എന്നിവര്‍ അഞ്ച് വര്‍ഷവും ബംഗ്ലാവില്‍ താമസിച്ചിട്ടുണ്ട്. പി.ജെ. ജോസഫും മോൻസ് ജോസഫും ഇവിടെ നിന്നും ഒഴിഞ്ഞെങ്കിലും പിന്നീടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

VT Balram praises OJ Janeesh for choosing the 'superstitious' Manmohan Bungalow for residence. The MLA emphasized faith in people over supernatural beliefs for public servants, highlighting a positive shift in Kerala politics.