തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്ന ആരോഗ്യമന്ത്രി കെ.മുരളീധരന്‍റെ പ്രഖ്യാപനത്തോട് വിയോജിപ്പുമായി ആരോഗ്യവിദഗ്ധര്‍. കൂടുതല്‍ മെഡിക്കല്‍ കോളജുകളല്ല സൂപ്പര്‍ സ്പെഷല്‍റ്റി സൗകര്യങ്ങളാണ് ആശുപത്രികളില്‍ ഒരുക്കേണ്ടതെന്നാണ് വിമര്‍ശനം.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെയും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ യുടെയും പരസ്യനിലപാടും ഇതാണ്. 

മന്ത്രിയായതിനു ശേഷം മനോരമ ന്യൂസിന് നല്കിയ ആദ്യ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ രണ്ടാം മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും ചേര്‍ത്ത്   ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങിയത്.

 101 പോസ്റ്റുകള്‍  ക്രിയേറ്റ് ചെയ്തു.  100 എംബിബിഎസ് സീററുകള്‍ക്ക്  അന്നത്തെ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അനുമതിയും കിട്ടി. പിന്നാലെ ഭരണം മാറി ഇടത് സര്‍ക്കാര്‍ അധികാരമേറ്റതോടെ  മെഡിക്കല്‍ കോളജിന് താഴിട്ടു. വര്‍ഷങ്ങളോളം പൂട്ടിക്കിടന്ന ബഹുനില മന്ദിരത്തില്‍ അടുത്തിടെ   ട്രോമാ കെയര്‍ ട്രെയിനിങ് സെന്‍ററും  ഇ ഹെല്‍ത്ത് ഒാഫീസുകളും പ്രവര്‍ത്തിച്ചു തുടങ്ങി.  ഈ കൂറ്റന്‍ കെട്ടിടം  മുന്നില്‍ കണ്ടാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ രണ്ടാം മെഡിക്കല്‍ കോളജ് എന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. 

 ജനറല്‍ ആശുപത്രി കെട്ടിടവും സൗകര്യങ്ങളും ആരോഗ്യവകുപ്പിന്‍റേതാണെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറില്ലെന്നുമാണ് കെ ജി എം ഒ എയുടെ നിലപാട്. ജില്ലകള്‍ തോറും മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയതുകൊണ്ടുമാത്രം ചികില്‍സാ സൗകര്യം മെച്ചപ്പെടില്ലെന്നും  പുതുതായി തുടങ്ങിയ   കോന്നി, വയനാട് , ഇടുക്കി , മഞ്ചേരി , കാസര്‍കോട് , കൊല്ലം മെഡിക്കല്‍ കോളജുകളുടെ പരമ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ച്  ആരോഗ്യവിദഗ്ധര്‍ വിമര്‍ശിക്കുന്നു.  പാവപ്പെട്ട രോഗികള്‍ക്ക്  ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തേണ്ട പണമുപയോഗിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുളള കെട്ടിടങ്ങളും സൗകര്യങ്ങളുംവര്‍ധിപ്പിക്കാനെ ഉപകരിക്കൂ എന്നും അഭിപ്രായമുണ്ട്.   ജനറല്‍ ഹോസ്‌പിറ്റല്‍ 24 മണിക്കൂറും  പക്ഷാഘാതം , ഹൃദയാഘാതം , വാഹനാപകടം പോലുളള അടിയന്തര ആവശ്യങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷല്‍റ്റി സൗകര്യമുളള ആശുപത്രിയാക്കി മാറ്റണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

ENGLISH SUMMARY:

Kerala health experts are raising concerns regarding the announcement of a second medical college in Thiruvananthapuram, advocating for enhanced super-specialty facilities in existing hospitals instead. This viewpoint is shared by prominent medical organizations like the Indian Medical Association and KGMОА, who believe prioritizing specialized care will better serve patients.