ഓഗസ്റ്റില്‍ കാലാവധി തീരുന്ന എല്ലാ റാങ്കുപട്ടികകളും നവംബര്‍ അവസാനം വരെ നീട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആദ്യഘട്ടമായി 100 ദിന കര്‍മ പരിപാടി നടപ്പാക്കും. ചികിത്സാപിഴവുമൂലം മരിച്ച കൊല്ലത്തെ വേണുവിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് കാരണം നിയമനങ്ങള്‍ മുടങ്ങിയതോടെ അങ്കാലപ്പിലായ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം പകരുന്നതാണ് മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. ഓഗസ്റ്റില്‍ കാലാവധി തീരുന്ന എല്ലാ റാങ്ക് പട്ടികകളും നവംബര്‍ അവസാനം വരെ നീട്ടാന്‍ പി.എസ്.സിയോട് മന്ത്രിസഭ ശുപാര്‍ശചെയ്തു.
കെ.എസ്.ആര്‍.ടി.സി സൗജന്യയാത്ര എങ്ങിനെ നടപ്പാക്കണമെന്ന് ഗതാഗത വകുപ്പ് തീരുമാനിക്കും. മുന്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുകയും പിന്നെ മരവിപ്പിക്കുകയും ചെയ്ത പി.എം.ശ്രീപദ്ധതി എവിടെ എത്തി നില്‍ക്കുന്നു എന്ന റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
ചികിത്സാ പിഴവില്‍ മരണമടഞ്ഞ കൊല്ലത്തെ വേണുവിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ ഓരോരോ കേസായി പരിഗണിച്ച് തുടര്‍നടപടിയെടുക്കും. മുഹമ്മദ് ഷായെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിക്കും. കിഫ്ബി പദ്ധതികളും കിഫ്ബിയും തുടരണമോ എന്ന് വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.