ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. 'തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്‍റോ ജോണ്‍ അതുമതി' എന്നാണ് കുറിപ്പ്. മുഖ്യമന്ത്രി വി.ഡി സതീശന്‍ 'വടശേരി ദാമോദരൻ മേനോൻ സതീശൻ' എന്നു പറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്തത്. സതീശന്‍റെ പേരില്‍ ഇതുവരെയില്ലാത്ത ജാതിവാല്‍ എവിടെ നിന്നാണ് വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജിന്‍റോയുടെ പോസ്റ്റ്.
'പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്‍റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം' എന്നുകൂടി ജിന്‍റോ പോസ്റ്റില്‍ പറയുന്നുണ്ട്. ജിന്‍റോയെ പിന്തുണച്ചും എതിര്‍ത്തും കമന്‍റുകളുണ്ട്. ഇടതുപക്ഷ ഹാന്‍ഡിലുകളും ജിന്‍റോയുടെ പോസ്റ്റ് ചര്‍ച്ചയാക്കുന്നുണ്ട്.
സതീശന്‍ മുഴുവന്‍ പേരു പറഞ്ഞതിലല്ല പ്രശ്നമെന്നും ഇത്രകാലം ഇല്ലാത്ത മേനോൻ ഇപ്പോൾ എവിടെ നിന്ന് വന്നു എന്നാണ് വിമര്‍ശനം. ഈ പേരിലല്ല മത്സരിച്ചതെന്നും എംഎൽഎയായിരുന്നപ്പോൾ സത്യപ്രതിജ്ഞ ചെയ്തതും ഈ പേരിലല്ലെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു. എന്നാല്‍ അച്ഛനന്മമാരുടെ പേര് മാറ്റാന്‍ സാധിക്കുമോ എന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ ചോദ്യം. മാതാപിതാക്കൾ നൽകിയ പേരിനെ അവർ സ്വീകരിച്ചു. വി.ഡി. സതീശൻ മാത്രമാണോ സ്വന്തം പിതാവിന്‍റെ പേരു ഇനിഷ്യലായി ഉപയോഗിക്കുന്നത് എന്നാണ് സതീശനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്.