justice-907

മുണ്ടത്തിക്കോട് വെടിമരുന്നുശാലയിലെ അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഓഫീസ് പോലും തുടങ്ങാനായിട്ടില്ലെന്നും കമ്മിഷന്‍റെ പ്രവര്‍ത്തനം തുടരണോയെന്ന് പുതിയ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സി.എന്‍ രാമചന്ദ്രന്‍നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മന്ത്രിമാരുടെ സ്റ്റാഫിനെ രണ്ടര വര്‍ഷത്തേയ്ക്ക് നിയമിച്ച് പെന്‍ഷന്‍ ഉറപ്പാക്കുന്നത് നിര്‍ത്തണമെന്നും സി.എന്‍ രാമചന്ദ്രന്‍ നായര്‍ നിര്‍ദേശിച്ചു. മുണ്ടത്തിക്കോട് ദുരന്തത്തിന്‍റെ കാരണം കണ്ടെത്താനും അപകടരഹിതമായി വെടിക്കെട്ടുകള്‍ നടത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിഷനെ നിയോഗിച്ചത്.

അപകടസ്ഥലം കമ്മിഷന്‍ സന്ദര്‍ശിച്ചു. എന്നാല്‍ വിശദമായ തെളിവെടുത്തും ദേവസ്വങ്ങളുടെ അഭിപ്രായശേഖരണവും അടക്കം ബാക്കിയുണ്ട്. ഭരണം മാറിയതോടെ കമ്മിഷന്‍റെ പ്രവര്‍ത്തനത്തില്‍ അനിശ്ചിതത്വമുണ്ട്. കമ്മിഷന്‍റെ ഓഫീസ് തുടങ്ങാനോ സ്റ്റാഫിനെ നിയമിക്കാനോ കഴിഞ്ഞിട്ടില്ല.

നിയമസഭാംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന് സി.എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിഷന്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ നയപരമായ തീരുമാനമെടക്കട്ടെയെന്ന് സി.എന്‍ രാമചന്ദ്രന്‍ നായര്‍. സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം നടപ്പാക്കണം. പഴ്സനല്‍ സ്റ്റാഫിനെ രണ്ടര വര്‍ഷത്തേയ്ക്ക് നിയമിച്ച് പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്നത് നിര്‍ത്തണം.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ ജയില്‍സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്നത് മുന്‍ ഡിജിപി ജേക്കബ് പുന്നൂസും സി.എന്‍ രാമചന്ദ്രന്‍ നായരും ഉള്‍പ്പെട്ട സമിതിയെയാണ്. സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് മാസത്തെ സമയം കൂടി പുതിയ സര്‍ക്കാരിനോട് തേടുമെന്നും സി.എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Justice CN Ramachandran Nair commission faces significant hurdles in its investigation of the Mundathikode firecracker factory accident, with its office yet to be established. The commission's continuation now rests on a decision by the new government, as progress is stalled.