യു.ഡി.എഫിന്‍റെ പ്രകടന പത്രികയില്‍ പുതുതലമുറയെ ഏറെ ആകര്‍ഷിച്ച പ്രഖ്യാപനമായിരുന്നു വാഹനങ്ങളുടെ രൂപമാറ്റത്തിന് അനുമതി നല്‍കുമെന്നത്. നിയമപരമായ തടസങ്ങളേറെയെങ്കിലും  വാഗ്ദാനം പ്രാവര്‍ത്തികമാക്കാനുള്ള ആദ്യഘട്ട നടപടികള്‍  മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. അനുവദിക്കാവുന്ന രൂപമാറ്റങ്ങള്‍ ഏതൊക്കെയെന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ടൂറിസ്റ്റ് ബസുകള്‍ക്ക് നിറം ആകര്‍ഷക ലൈറ്റുകള്‍ സ്ഥാപിക്കല്‍ പോലുള്ള മാറ്റങ്ങള്‍ അനുവദിക്കാനാണ് ആലോചന.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലൊന്നും സാധാരണയായി ഇടംപിടിക്കാത്ത വാഗ്ദാനമായിരുന്നു യു.ഡി.എഫ് മുന്നോട്ടുവെച്ച വാഹന മോഡിഫിക്കേഷന്‍. വി.ഡി.സതീശന്‍ അക്കാര്യം റീലാക്കി ഇറക്കിയതോടെ സോഷ്യല്‍ മീഡിയാക്ക് തീപിടിച്ചു. യുവവോട്ടര്‍മാരെ യു.ഡി.എഫിനൊപ്പമെത്തിച്ചതില്‍ ഇതിന്‍റെ പങ്ക് വലുതെന്നതില്‍ സംശയമില്ല.

​ഇതൊക്കെ നടക്കുമോയെന്ന്  ഒട്ടേറേപ്പേര്‍ ചോദിക്കുന്നുണ്ട്. ചോദ്യം പ്രസക്തമാണ്. കാരണം. കേന്ദ്രനിയമം അനുസരിച്ചാണ് വാഹനങ്ങളുടെ റജിസ്ട്രേഷനടക്കം എല്ലാക്കാര്യങ്ങളും. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകനിയമം നിര്‍മിക്കാനാവില്ല.കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 വും 2019ലെ സുപ്രീംകോടതി ഉത്തരവുമനുസരിച്ച് വാഹനം നിര്‍മിച്ച ശേഷം വരുത്തുന്ന മാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്.വാഗ്ദാനം നടപ്പാക്കാന്‍ യു.ഡി.എഫും മോട്ടോര്‍ വാഹനവകുപ്പും ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ രൂപമാറ്റങ്ങള്‍ ഏതൊക്കൊയെന്നും അപകടകരമല്ലാത്തത് ഏതൊക്കൊയെന്നും വിദഗ്ധസമിതി പഠിച്ച് പട്ടിക തയാറാക്കും.

അപകടകരമല്ലായെന്ന് കണ്ടെത്തിയ രൂപമാറ്റങ്ങള്‍ അനുവദിച്ചും, അവയ്ക്ക് പിഴയീടാക്കാണ്ടെന്ന് വ്യക്തമാക്കിയും വകുപ്പുതല ഉത്തരവിറക്കാം. ഇതിന്‍റെ നിയമസാധുതയെന്തെന്ന് വെച്ചാല്‍–കേന്ദ്ര നിയമത്തിലുള്ളതിന് പിഴ എങ്ങിനെ ഈടാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. അങ്ങിനെ പലതും ഇപ്പോള്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്.സൈലന്‍സര്‍ മാറ്റിവെക്കുകടയറുകളുടെ വലിപ്പം കൂട്ടുകയൊക്കെ അപകടമാണ്. അങ്ങിനെയുള്ളതൊന്നും അംഗീകരിക്കുമെന്ന് കരുതേണ്ട. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം മെന്നത് ഒഴിവാക്കി കളര്‍ഫുള്ളാക്കും.

കാറിലും ബസിലുമൊക്കെ ആകര്‍ഷകമായ ലൈറ്റും സ്പീക്കറുമൊക്കെ അംഗീകരിച്ചേക്കും. ഇനി എന്തൊക്കെ അനുവദിക്കുമെന്ന് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അറിയാം. കാത്തിരിക്കാം.

ENGLISH SUMMARY:

Vehicle modification in Kerala is gaining traction following a UDF manifesto promise, sparking significant interest among younger voters and generating discussions about its feasibility. The motor vehicles department is initiating steps to allow certain vehicle modifications, with an expert committee to determine permissible changes, potentially focusing on aesthetic upgrades for tourist buses.