tvm-bridge

TOPICS COVERED

ഒരു പാലം പണിയാൻ നാൽപ്പത്തി ഒന്ന് വർഷത്തെ സമയ ദൈർഘ്യം വേണ്ടിവരുമോ. നിർമാണോദ്ഘാടനം കഴിഞ്ഞിട്ടും ഇതേ കാലയളവിൽ ശിലാഫലകം മാത്രം അവശേഷിക്കുമ്പോൾ മാറി മാറിവന്ന സർക്കാരുകളുടെ ഇശ്ചാശക്‌തി തെളിയും. തിരുവനന്തപുരം പനത്തുറയിലെ നൂറിലേറെ കുടുംബങ്ങളെ പറഞ്ഞ് പറ്റിച്ച അധികാരികൾ പേരിനൊരു കടത്ത് വള്ളം നൽകി ചുമതല നിർവഹിച്ചതായി അറിയിച്ചു.

1985 സെപ്റ്റംബർ 19. ഒരു നാടിനാകെ പ്രതീക്ഷ നൽകി ടി.എസ് കനാലിന് കുറുകെ ചേന്തിലാക്കരി പള്ളിനട ഭാഗത്തെ ബന്ധപ്പെടുത്തി പാലം നിർമിക്കാനുള്ള തറക്കല്ലിടൽ ചടങ്ങ്. പ്രധാനമന്ത്രിയായിരുന്ന സാക്ഷാൽ രാജീവ് ഗാന്ധിയുടെ നിർദേശ പ്രകാരം. പിന്നീട് എന്ത് സംഭവിച്ചു. കല്ലിന് മുകളിൽ പായലും ചോട്ടിൽ പുല്ലും വളർന്നതല്ലാതെ പാലം ഇരുകര തൊട്ടില്ല. മാറി മാറി വരുന്ന സർക്കാർ പനത്തുറയിലെ കുടുംബങ്ങൾക്ക് പാലം പണിയെന്ന മോഹന വാഗ്‌ദാനം പ്രകടന പത്രികയിൽ ആവർത്തിച്ച് രേഖപ്പെടുത്തിയതൊഴിച്ചാല്‍.

ചേന്തിലാക്കരി പള്ളിനട കരകളെ ബന്ധിപ്പിക്കുന്നതിന് ഏക ആശ്രയം കടത്തുവള്ളമാണ്. മീറ്ററുകൾ മാറി കടലിരമ്പം കേൾക്കുന്ന കരയിൽ നിന്നും കുട്ടികൾ സ്‌കൂളിൽ പോകുന്നതിന് ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ കടത്താണ്. കോവളം ബേക്കൽ ജലപാതയുടെ ഭാഗമായ ടി.എസ് കനാലിൻ്റെ മറ്റൊരു ഭാഗത്ത് പാലം നിർമിക്കാനുള്ള സാധ്യതയും കല്ലിടലും കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുണ്ടായി. 80 കോടി ചെലവിലെന്ന പേരിൽ മന്ത്രി ശിവൻകുട്ടി വാഗ്ദാനം നൽകുകയും ചെയ്തു. സർക്കാർ മാറി. വാഗ്ദാനം ഇനിയും വരും. ഇരുകരകളും തൊടാൻ 41 വർഷത്തിന്‍റെ പഴക്കം 46 ആകുമോ എന്നുള്ളത് മാത്രമാണ് ജനങ്ങളുടെ ആകാംഷ. യാത്രാ സൗകര്യം പൗരന്‍റെ അടിസ്ഥാന ആവശ്യമാണെന്ന് പുതിയ സർക്കാരിനോട് പനത്തുറക്കാരുടെ ഓർമപ്പെടുത്തൽ.

ENGLISH SUMMARY:

The Panathura bridge project, initiated in 1985, has faced a 41-year delay, leaving over a hundred families reliant on a ferry service. Despite repeated government promises and even a stone-laying ceremony involving then-Prime Minister Rajiv Gandhi, the bridge remains unbuilt, highlighting the need for government action to fulfill basic citizen needs.