തൃശൂരിലെ കെ.സി.വേണുഗോപാല്‍ അനുകൂല ഫ്ലെക്സില്‍ ട്വിസ്റ്റ്. കെ.സിക്കായി വാടാനപ്പള്ളിയില്‍ ഫ്ലെക്സ് വച്ചത് സിപിഎം പ്രവര്‍ത്തകന്‍ അരവശേരി മുഹമ്മദ്. ഇയാള്‍ ഫ്ലെക്സ് വയ്ക്കുന്നതിന്റെ ദൃശ്യം പുറത്ത്. സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. മുഖ്യമന്ത്രിയായി കെ.സി വരട്ടെയെന്നായിരുന്നു ബോർഡിന്റെ വാചകം. ഭാര്യ സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മറ്റിയംഗമാണ്. സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസില്‍ പരാതി നൽകി. വാടാനപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളുെട നിര്‍ദേശത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ലക്സുകള്‍ നീക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാടാനപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ പ്രകോപനപരമായ നടപടി.
മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തിന് തൊട്ടുപിന്നാലെ വിവിധ നേതാക്കൾക്ക് അനുകൂലമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കി തുടങ്ങിയിരുന്നു. കെപിസിസി ഓഫീസിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കെസി വേണുഗോപാലിൻറെ കൂറ്റൻ ഫ്ലക്സ് ആണ് കെ സി അനുകൂലികൾ ആദ്യം എടുത്തുമാറ്റിയത്. വെള്ളയമ്പലത്തും സെക്രട്ടേറിയറ്റിനു മുമ്പിലും സ്ഥാപിച്ചിരുന്ന എല്ലാ നേതാക്കളുടെയും ഫ്ലക്സുകൾ നീക്കി. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നത് ആഘോഷിക്കാൻ കെപിസിസിയിൽ തമ്പടിച്ചിരുന്ന കെ.സി.പക്ഷക്കാരാണ് ഫ്ലക്സ് മാറ്റാൻ ഇറങ്ങിത്തിരിച്ചത്.
ഇടുക്കി അടിമാലിയിൽ വിഡി സതീശനായി സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ അഴിച്ചുമാറ്റി തുടങ്ങി.