തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഗാരന്‍റികളിലൊന്നായ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നടപടികളിലേക്ക് കടന്നത്. സ്ത്രീ യാത്രക്കാരുടെ എണ്ണം കണ്ടെത്തുന്നതിനായി ജെന്‍ഡര്‍ ടിക്കറ്റിങ് ആരംഭിച്ചു.
ഇതുപ്രകാരം ഇപ്പോള്‍ ഇടിഎം ഉപകരണങ്ങൾ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷനുണ്ട്. കണ്ടക്ടർമാർ ഇടിഎം ഉപകരണങ്ങൾ ഉപയോഗിച്ച് വിതരണം ചെയ്യുന്ന ടിക്കറ്റില്‍ സ്ത്രീക്കാണോ പുരുഷനാണോ നല്‍കുന്നതെന്ന് രേഖപ്പെടുത്തേണ്ടതാണ്.
കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറൽ മാനേജർ നിഷാന്ത് എസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇക്കാര്യം കൃത്യമായി പാലിക്കുന്നതിന് എല്ലാ ഡിപ്പോകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.