Untitled design - 1

File photo

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്ക് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഇടത്തരം മഴകിട്ടും . അതേസമയം ചൂട് തുടരുകയാണ് . പകൽ താപനില ഉയർന്നു തന്നെ നിൽക്കും. 39 ഡിഗ്രി വരെ പാലക്കാട് പകൽ ചൂട് ഉയർന്നു. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടമുണ്ടായിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പന്തലും മുന്നിലെ സ്റ്റേജും തകര്‍ന്നു. പടിഞ്ഞാറെ ഉൗട്ടുപുരയിലെ ഓടുകളും തകര്‍ന്നുവീണു. ഉല്‍സവത്തിനെത്തിയവരുടെ കാറിന് മുകളില്‍ മരം വീണു. ജനറല്‍ ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ന്നു.

വേനൽമഴയും കാറ്റും പത്തനംതിട്ട കലഞ്ഞൂരിലെ കർഷകരുടെ കൃഷിയിടങ്ങളിൽ നാശം വിതച്ചു. നൂറുകണക്കിന് വാഴകളാണ് നിലംപൊത്തിയത്. കലഞ്ഞൂർ മല്ലങ്കഴയിൽ ഓണം വിളവിനായി പ്രതീക്ഷയോടെ ചെയ്ത വാഴക്കൃഷിയും കപ്പയും  വേനൽമഴയിലും കാറ്റിലും പൂർണമായും നശിച്ചു. മല്ലങ്കഴയിൽ ഇടയിലെ തുണ്ടിൽ ജി. വിശ്വനാഥന്റെ കൃഷിയിടത്തിലാണ് വലിയ നാശം ഉണ്ടായിട്ടുള്ളത്. ഇദ്ദേഹം കൃഷിചെയ്ത 170 മൂട് വാഴകൾ പൂർണമായും നിലംപൊത്തി. കുലച്ച ഏത്തവാഴകളാണ് കാറ്റിൽ ഒടിഞ്ഞ് വീണത്. 200 മൂട് മരച്ചീനിയും കാറ്റിൽ പിഴുതുവീണു. പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇദ്ദേഹം കൃഷി ചെയ്തിട്ടുള്ളത്. വാഴക്കൃഷിക്ക് ഇൻഷുറൻസും ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം കൃഷിനാശം സംഭവിച്ചതിന്റെ ഇൻഷുറൻസ് തുകയുടെ ഒരു ഗഡുമാത്രമാണ് ജി. വിശ്വനാഥന് ലഭിച്ചത്. ഇത് കാരണമാണ് ഈ വർഷം ഇൻഷുറൻസ് ചെയ്യാതിരുന്നതും.

ഇതിന് സമീപത്ത് മോഹനൻ നായരുടെ കൃഷിയിടത്തിലെ 65 മൂട് വാഴയാണ് കാറ്റിൽ നിലം പതിച്ചത്. പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമാണ്.പഞ്ചായത്ത് ഇതിന് വേണ്ട നടപടി എടുക്കുന്നില്ലെന്നും കൃഷി സംരക്ഷിക്കാൻ സ്വന്തമായി പണം മുടക്കി ഫെൻസിങ് ഉൾപ്പെടെ ഇട്ടിരുന്നുവെന്ന് ഇരു കർഷകരും പറയുന്നു

ENGLISH SUMMARY:

Kerala is facing a dual weather challenge with rain alerts in four districts and ongoing heatwaves. The Indian Meteorological Department has issued a Yellow Alert for Kollam, Pathanamthitta, Alappuzha, and Idukki districts due to anticipated rainfall, while other regions will experience moderate rain. Meanwhile, temperatures remain high, with Palakkad recording a daytime temperature of up to 39 degrees Celsius, prompting the weather department to advise caution.