കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. പരസ്യ പ്രതികരണങ്ങൾക്കും ഗ്രൂപ്പ് പോരിനും ഹൈക്കമാൻഡും കെ.പി.സി.സി.യും വിലക്കേർപ്പെടുത്തിയിട്ടും അണികൾ ഫ്ലക്സ് ബോർഡുകളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി'യായി വാഴ്ത്തിക്കൊണ്ട് ഇടുക്കിയിലും കണ്ണൂരിലും ഫ്ലക്സുകൾ സ്ഥാപിച്ചു.
തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലാണ് വി.ഡി. സതീശനെ അനുകൂലിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. "നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡിൽ സതീശന്റെ ചിത്രവും ഉണ്ട്..
മങ്ങാട്ടുകവല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ബോർഡിന് ഡി.സി.സി. ജനറൽ സെക്രട്ടറി താജുദ്ദീനാണ് നേതൃത്വം നൽകിയത്. നേതാക്കളുടെ വിലക്ക് നിലനിൽക്കെ ഉന്നത ഭാരവാഹികൾ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പാർട്ടിയിലെ അച്ചടക്കത്തെ ചോദ്യം ചെയ്യുന്നതാണ്. "പട നയിച്ചവൻ നാട് നയിക്കും", "നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ" എന്നിങ്ങനെയുള്ള തലവാചകങ്ങളും പട്ടയംകവലയിലെ ഫ്ലക്സുകളിൽ കാണാം.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സ്വന്തം തട്ടകമായി അറിയപ്പെടുന്ന കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിലും സതീശനായി ബോർഡുകൾ ഉയർന്നു. ശ്രീകണ്ഠാപുരത്ത് കൊട്ടൂർവയൽ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രിയായാല്‍ ആറു മാസം കൊണ്ട് ഇരിക്കൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി കെ.സി വേണുഗോപാല്‍ ജയിച്ചുവരുമെന്നാണ് അണിയറ ചര്‍ച്ച. അതേസ്ഥലത്ത് കെ.സി വേണുഗോപാലിനായി ആരും ഫ്ലക്സ് വെച്ചില്ലെന്നതതാണ് സവിശേഷത. പകരം സതീശനായി ബോർഡുകൾ ഉയർന്നതും പാർട്ടിയിലെ മാറിയ സമവാക്യങ്ങളെ സൂചിപ്പിക്കുന്നു. നേതാക്കൾ പരസ്യ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും അണികളെ ഉപയോഗിച്ച് കരുത്തു കാട്ടാനുള്ള നീക്കമാണ് നടക്കുന്നത്.