മുസ്‌ലിം ലീഗിൽ അംഗത്വം എടുത്തതിന്‍റെ പേരിൽ ക്ഷേത്രങ്ങളിൽ ബുക്ക് ചെയ്ത പരിപാടികൾ റദ്ദാക്കിയതായി പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മനോരമ ന്യൂസിനോട്. ബിജെപിയും സിപിഎമ്മും തനിക്കെതിരെ ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നതെന്നും ഹരിഗോവിന്ദൻ പറഞ്ഞു. നോട്ടീസ് വരെ അടിച്ചുതീര്‍ന്ന പരിപാടികള്‍ക്കാണ് ലീഗിൽ ചേർന്ന കാരണം കൊണ്ട് വരേണ്ടതില്ല എന്ന് കമ്മറ്റിക്കാര്‍ പറഞ്ഞത്. ഇയാളെ ഇനി ഇവിടെ പാടിക്കാൻ പാടില്ല എന്ന് പറഞ്ഞ് കമ്മറ്റിക്കാരെ മറ്റ് പലരും വിരട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ പലര്‍ക്കും പരിപാടി നടത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും പുറത്തു നിന്നുള്ള സമ്മർദ്ദം കൊണ്ട് നടത്താൻ പറ്റുന്നില്ല എന്നും അദ്ദേഹം പറയുന്നു.
ശബരിമല വിശ്വാസികളെ മുഴുവൻ അവഹേളിച്ച പിണറായി വിജയന്‍റെ മകന്‍ ഗുരുവായൂരിൽ തൊഴാൻ വന്നപ്പോള്‍ എന്തുകൊണ്ട് തടഞ്ഞില്ലെന്നും ഹരിഗോവിന്ദൻ ചോദിച്ചു. സംഘപരിവാറും സഖാക്കളും ഒരേ തുവൽ പക്ഷികളാണെന്ന് ബോധ്യപ്പെടുത്തുന്ന ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പരിപാടികള്‍ മാത്രമല്ല, താന്‍ ഉദ്ഘാടനം ചെയ്തിരുന്നു ക്ഷേത്ര കലകളുമായി ബന്ധപ്പെട്ടുള്ള സെമിനാറിനും വരേണ്ടതില്ലെന്ന് പറഞ്ഞു. താന്‍ ഉപദേശ സമിതി അംഗമായിട്ടുള്ള കൊല്ലത്തെ ക്ഷേത്രത്തിലെ പരിപാടികള്ഡക്കും വരേണ്ടതില്ലെന്ന് പറഞ്ഞതായും ഹരിഗോവിന്ദൻ പറയുന്നു.
താനായിട്ട് ഒരു പരാതിയും പറയുന്നില്ല. ഇപ്പോളും പറയുന്നത് പരാതിയായിട്ടല്ല. തനിക്ക് അവസരം നഷ്ടപ്പെടുന്നല്ലോ എന്നോര്‍ത്ത് കരയുകയല്ല. മറിച്ച് ഇങ്ങനെ ഒരു അവസ്ഥ കേരളത്തിൽ ഉണ്ടെന്ന് പറയുകയാണെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ‘ഇതിനെ വേർതിരിച്ച് മനസ്സിലാക്കണം മലയാളികള്‍. ഒരു പാർട്ടിയിൽ ചേർന്നതിന്റെ പേരിൽ ക്ഷേത്രത്തിലെ പാടാൻ വിളിച്ച ആളുകൾ പിന്നീട് വരേണ്ടതില്ല എന്ന് പറയുന്ന ദുരവസ്ഥ കേരളത്തിൽ ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കുക മാത്രമേ വേണ്ടുള്ളൂ. കലാകാരൻ എന്നുള്ള നിലയ്ക്ക് ക്ഷേത്രമുറ്റത്ത് അവതരണത്തിന് അനുമതി നിഷേധിക്കുന്ന ഈ പൈശാചിക സമീപനത്തെ മലയാളി തിരിച്ചറിയണം’- അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് അവസാനമാണ് പാണക്കാടെത്തി ഹരിഗോവിന്ദൻ ലീഗില്‍ അംഗത്വമെടുത്തത്. സംഘപരിവാറുമായി ബന്ധപ്പെട്ട് ഒരുകാലത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും തന്‍റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും അന്ന് ഹരിഗോവിന്ദന്‍ പറഞ്ഞിരുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ കലയുടേയും സംസ്കാരത്തിന്‍റെയും ഭാഗമായുള്ളവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്നും അല്ലാത്തവര്‍ക്ക് പിടികിട്ടില്ലെന്നും ഹരിഗോവിന്ദന്‍ പറയുകയുണ്ടായി. ലീഗിന്‍റെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകുമെന്നും ദലിതനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും കലാരംഗം സ്വീകാര്യമാകണമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞിരുന്നു.