പ്രമുഖ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഉപഭോക്തൃ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനുമായ ഡിജോ കാപ്പൻ (67) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഉപഭോക്തൃ-കർഷക അവകാശങ്ങൾക്കായി നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ വ്യക്തിത്വമായിരുന്നു അദ്ദേഹം.
പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതി ഇടപെടലുകൾ സാധ്യമാക്കിയതിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് 1988-ൽ അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ വഴി നിരവധി ചരിത്രപരമായ നിയമപോരാട്ടങ്ങൾ നടത്തി.
വൈദ്യുതി നിരക്ക് വർധന, റെയിൽവേ നിരക്ക് വർധന തുടങ്ങിയ വിഷയങ്ങളിൽ ജനപക്ഷത്തുനിന്ന് അദ്ദേഹം കോടതിയെ സമീപിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഉയർത്തുന്ന ഭീഷണികൾ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ നിർണ്ണായകമായിരുന്നു. പൊതുനിരത്തുകളിലെ നിയമവിരുദ്ധമായ പരസ്യ ബോർഡുകൾക്കെതിരെയും ഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾക്കെതിരെയും അദ്ദേഹം നിയമയുദ്ധം നടത്തി.
പാലാ ഇടമറ്റം കാപ്പിൽ കുടുംബത്തിൽ കെ.സി. ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ച ഡിജോ, സ്കൂൾ കാലഘട്ടത്തിൽ തന്നെ കേരള വിദ്യാർഥി കോൺഗ്രസിലൂടെ (കെ.എസ്.സി) രാഷ്ട്രീയ രംഗത്തെത്തി. 1982-ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനായും കേരള വോളിബോൾ അസോസിയേഷൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജ്, രാജഗിരി കോളജ്, കേരള യൂണിവേഴ്സിറ്റി ക്യാംപസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠിച്ച മൂന്ന് കോളജുകളിൽ നിന്നും യൂണിവേഴ്സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അപൂർവ്വ നേട്ടത്തിനും അദ്ദേഹം ഉടമയായിരുന്നു.