പെൺസുഹൃത്തുമായുള്ള വിവാഹത്തെ എതിർത്ത വല്ല്യച്ഛനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദിനെയാണ് കൊച്ചി നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ അയ്യപ്പൻകാവ് ഭാഗത്ത് വച്ചായിരുന്നു സംഭവം. നാടിനെ നടുക്കിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതി പിടിയിലായത്.
പെണ്‍കുട്ടിയുടെ വല്ല്യച്ഛന്‍ സ്കൂട്ടറില്‍ പോകുന്നതും അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സിസിടിവിയില്‍ കണ്ട നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കാറുടമയേയും ആ സമയം കാര്‍ ഡ്രൈവ് ചെയ്ത അഭിജിത്തിനേയും പൊലീസ് കണ്ടെത്തുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പെണ്‍കുട്ടിയുടെ വല്ല്യച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിജിത്ത് സ്നേഹിച്ച പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് വല്ല്യച്ഛനായിരുന്നു വലിയ എതിര്‍പ്പ് കാണിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് ഈ ക്രൂരകൃത്യം നടത്താന്‍ അഭിജിത്ത് തീരുമാനിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.