കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റേതെന്ന് കരുതുന്ന തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ് ഇവ കണ്ടെത്തിയത്. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടത്. ഉടൻ തന്നെ ഇവർ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. തലയോട്ടി കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്ന് വസ്ത്രം, ചെരുപ്പ് എന്നിവയും മരത്തിൽ ദ്രവിച്ച നിലയിലുള്ള കയറും കണ്ടെത്തിയിട്ടുണ്ട്.
അസ്ഥികൂടം പുരുഷന്റേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാഹചര്യത്തെളിവുകൾ പ്രകാരം ഇത് ആത്മഹത്യയാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു. 2024-ൽ പ്രദേശത്തുനിന്ന് കാണാതായ ഒരാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി നേരത്തെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലൂടെ മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ.