hc-suo-moto-against-harthal

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍രാജിന്‍റെ മരണത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അക്രമ സംഭവങ്ങളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് കേസെടുത്തത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടിസ് നല്‍കി. ജനജീവിതം തടസപ്പെടുത്തരുതെന്ന് നിര്‍ദേശിച്ച കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. 

അതിനിടെ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ തിരുവല്ലയിലെ സമരസമിതിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അ​ഞ്ചു പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് സമരസമിതി മാര്‍ച്ച് നടത്തി. ബൈക്കിലെത്തിയ യുവാവിനെ സമരക്കാര്‍ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞതും കൂക്കിവിളിച്ചതും ചിത്രീകരിച്ച മനോരമ ന്യൂസ് വാർത്ത സംഘത്തെ കയ്യേറ്റം ചെയ്യാനും സമരക്കാര്‍ ശ്രമിച്ചു. ക്യാമറാമാൻ ഷാരോൺ , ഡ്രൈവർ അനീഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സമരക്കാര്‍ ക്യാമറ തട്ടിമാറ്റിയതും ഇവരെ പിടിച്ച് തള്ളുകയും ചെയ്തത്. 

തമ്പാനൂരിൽ  ഉൾപ്പെടെ നൂറോളം കെ എസ് ആർ ടി സി ബസുകൾ തടഞ്ഞു. ദേശീയ പാതയിൽ പള്ളിപ്പുറത്ത് മൂന്നര മണിക്കൂറോളം വാഹന ഗതാഗതം മുടങ്ങി. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഹർത്താൽ അനുകൂലികൾ വ്യാപകമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ഹർത്താലിൽ വടക്കന്‍ കേരളത്തിലും വ്യാപക പ്രതിഷേധം. കണ്ണൂരും കാസര്‍കോടും പാലക്കാടും ഹര്‍ത്താലനുകൂലികള്‍ സ്വകാര്യബസുകളടക്കം തടഞ്ഞു. കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 

വാഹനങ്ങൾ തടയില്ലെന്ന സമരക്കാരുടെ വാക്ക് വിശ്വസിച്ചു ആർസിസിയിലേക്കും  മെഡിക്കൽ കോളജിലും ഉൾപ്പെടെ യാത്ര പുറപ്പെട്ടവർ പൊരി വെയിലത്ത് മണിക്കൂറുകളോളം റോഡിൽ കാത്തു കിടന്നു.  മൂന്നര മണിക്കൂർ കഴിഞ്ഞാണ് വാഹനങ്ങൾ കടത്തിവിട്ടത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷ എഴുതാൻ പോയ വിദ്യാർഥികൾ ഉൾപ്പെടെ പെരുവഴിയിലായി. നൂറോളം കുട്ടികൾക്ക് പരീക്ഷ മുടങ്ങി. 

നിതിന്റെ ജന്മനാടായ നെടുമങ്ങാട് വാഹനങ്ങൾ തടഞ്ഞു. കടകൾ അടപ്പിച്ചു. നെയ്യാറ്റിൻ കരയിലും ആറ്റിങ്ങലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ  സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.

ENGLISH SUMMARY:

The state-wide hartal called by Dalit organizations seeking justice for Nitin Raj has severely disrupted public life in Kerala. Despite assurances of a peaceful protest, agitators blocked nearly 100 KSRTC buses in Thampanoor and caused a massive traffic jam on the National Highway at Pallippuram. Consequently, around 100 students missed the VIT Entrance Exam, and many patients traveling to RCC and Medical College were left stranded for hours in the sweltering heat.