ഋഷിവര്യനും നാരായണ ഗുരുകുല അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് അന്തരിച്ചു. 87 വയസായിരുന്നു. പുലർച്ചെ 3.55ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച, മുനി നാരായണ പ്രസാദിന് സാഹിത്യ അക്കാദമി ‌പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു.

അധ്യാപകനായിരുന്ന മാധവന്റെയും നാരായണിയുടേയും മകനായി 1938 ഡിസംബർ എട്ടിനാണ് പ്രസാദ് എന്ന മുനിനാരായണപ്രസാദ് തിരുവനന്തപുരം ജില്ലയിലെ നാഗരൂരിൽ ജനിച്ചത്. എൻജിനീയറിങ് വിദ്യാഭ്യാസത്തെത്തുടർന്ന് പൊതുമരാമത്തു വകുപ്പില്‍ ജോലിയിൽ പ്രവേശിച്ചു. 1958ൽ വർക്കല നാരായണ ഗുരുകുലത്തിൽ അന്തേവാസിയായിച്ചേരുകയും 1967ൽ നടരാജഗുരുവിൽ നിന്നും ബ്രഹ്മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1968ൽ ഉദ്യോഗം രാജിവെച്ച് ധർമ്മ പ്രചാരകനായിത്തീർന്നു. 1985ൽ നിത്യചൈതന്യയതിയിൽ നിന്ന് സന്ന്യാസദീക്ഷ ലഭിച്ചു. 

1973–1989 കാലഘട്ടത്തിൽ ഗുരുകുലം മാസികയുടെ പത്രാധിപരായിരുന്നു.1976-ൽ ശാസ്താംകോട്ടയിൽ നടന്ന ലോകമതസമ്മേളനത്തിന്റെ മുഖ്യസംഘാടകൻ. 1987 മാർച്ചിൽ മോസ്കോ ലോക മത വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.1989–91 കാലയളവിൽ ഫിജിയിലെ നാരായണഗുരുകുലം അധിപനായിരുന്നു.1999–ൽ നിത്യചൈതന്യയതി സമാധിയായതോടെ നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവും.

 ഇംഗ്ലീഷിലും മലയാളത്തിലുമായി തൊണ്ണൂറോളം ഗ്രന്ഥങ്ങൾ രചിച്ചു. ഗ്രീക്ക് ചിന്തകർ , പൂർണ്ണ ജനനം , പ്രബന്ധ മാല , ന്യായദർശനം , വേദാന്തം–നാരായണഗുരുവരെ ,ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം, എന്നിവയാണ് സ്വന്തം കൃതികളിൽ പ്രധാനം. ശ്രീനാരായണകൃതികൾ, ഭഗവദ്ഗീത ,ഉപനിഷത്തുകൾ എന്നിവയ്ക്കും ഭാഷ്യം രചിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Muni Narayana Prasad, renowned spiritual leader and head of Narayana Gurukulam, has passed away in Thiruvananthapuram. He was honored with the Padma Shri in 2024 and received the Sahitya Akademi Award for his contributions. A key disciple of Nitya Chaitanya Yati, he played a vital role in spreading spiritual and philosophical thought. He authored nearly 90 books in English and Malayalam, including works on Vedanta and Indian philosophy. Prasad also represented India in global religious conferences and led Gurukulam initiatives internationally. His passing marks the end of a significant era in the Narayana Guru philosophical movement.