പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ്-കേരള സെക്ടറിൽ വിമാനക്കമ്പനികൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് മുസ്‍ലിം ലീഗ്. വിമാനങ്ങൾ റദ്ദാക്കുന്നതിലൂടെ പ്രവാസികൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റും പ്രവാസി വ്യവസായിയുമായ കെ. സൈനുൽ ആബിദീൻ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. സാധാരണക്കാരായ പ്രവാസികളുടെ യാത്ര അസാധ്യമാക്കുന്ന രീതിയിലുള്ള നിരക്ക് വർധനയിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
സംഘർഷം മുതലെടുത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. മുൻകൂട്ടി അറിയിക്കാതെ വിമാനങ്ങൾ റദ്ദാക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പലപ്പോഴും റദ്ദാക്കിയ ടിക്കറ്റിന്‍റെ പണം തിരികെ നൽകാതെ വിസ കാലയളവോ അവധിയോ പരിഗണിക്കാതെ മറ്റ് തീയതികളിലേക്ക് യാത്ര മാറ്റാൻ നിർബന്ധിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രാക്കൂലിയിൽ വലിയ വ്യത്യാസമുണ്ട്. ഇത് മലയാളി പ്രവാസികളോടുള്ള വ്യക്തമായ വിവേചനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരക്ക് കണക്കിലെടുത്ത് ഗൾഫ്-കേരള സെക്ടറിൽ ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ നടത്താൻ മന്ത്രാലയം നിർദ്ദേശം നൽകണം എന്നാണ് കത്തിൽ ഉന്നയിച്ച പ്രധാന ആവശ്യം. അവധിക്കാലത്തും പ്രതിസന്ധി ഘട്ടങ്ങളിലും വിമാനക്കമ്പനികൾ നിരക്ക് തോന്നുംപടി വർധിപ്പിക്കുന്നത് തടയാൻ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണം. പ്രവാസികളോടുള്ള നീതി ഉറപ്പാക്കാൻ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അനുഭാവപൂർണ്ണമായ ഇടപെടൽ വേണമെന്നും മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു.