ayurvedic-summer-health-tips

ഉഷ്ണതരംഗ സാധ്യത

സംസ്ഥാനത്ത് വേനല്‍ കത്തുന്നു. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ളതിനാല്‍ ഇന്ന് (23/04/2026) ഉച്ചയ്ക്ക് 12.30 ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അറിയിപ്പുണ്ട്. വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ മുന്നറിയിപ്പ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും പങ്കുവച്ചിട്ടുണ്ട്.

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍സ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലെ കാലാവസ്ഥ വകുപ്പിന്‍റെ  താപനില മാപിനികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതേസമയം, സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

പാലക്കട് ജില്ലയാകട്ടെ അക്ഷരാര്‍ത്ഥത്തില്‍ വേനലില്‍ ഉരുകുകയാണ്. പാലക്കാട് 41.1 ഡിഗ്രി സെല്‍സ്യസിലേക്ക് താപനില ഉയര്‍ന്നു. കോട്ടയം എറണാകുളം കണ്ണൂര്‍ ജില്ലകളില്‍ 37 ന് മുകളിലേക്ക് ചൂടുയര്‍ന്നിട്ടുണ്ട്. അതീവ ജാഗ്ര പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം. പുറം ജോലിചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. എല്ലാ കെട്ടിടങ്ങളും വൈദ്യുതി ഓഡിറ്റ് നടത്തണം. കാട്ടുതീ ഉണ്ടാകാതെ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ചൂട് ഉയരും തോറും വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുകയാണ്. ഇന്നലെ 112.07 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. ഇതില്‍ 87. 59 ദശലക്ഷം യൂണിറ്റ് പുറത്തു നിന്ന് വാങ്ങി. ഈ മാസം 18 നാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം ഉണ്ടായത്, 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് അന്ന് സംസ്ഥാനം ഉപയോഗിച്ചത്. ചൂട് കൂടുതല്‍ ഉയര്‍ന്നാല്‍  ഇനിയും അധികം വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലേക്ക്  നീങ്ങുകയാണ്. വരും ദിവസങ്ങളില്‍ പരക്കെ വേനല്‍മഴക്ക് സാധ്യതയുണ്ട്. എന്നാല്‍ പകല്‍താപനില ഇതുപോലെ ഉയര്‍ന്നു നില്‍ക്കാനും ഇടയുണ്ട്. 

ENGLISH SUMMARY:

Kerala is currently reeling under an intense heatwave, with the India Meteorological Department issuing a high-level alert for Palakkad and Kollam districts. For the first time, the state will utilize the KaWaCHaM (Kerala Weather and Climate Hazard Monitoring) system, sounding sirens at 12:30 PM today to alert the public about the escalating temperatures. Palakkad has already recorded a scorching 41.1°C, while temperatures in other districts like Kottayam, Ernakulam, and Kannur have crossed 37°C. The State Disaster Management Authority has issued strict guidelines, advising citizens to avoid direct sunlight and urging outdoor workers to adjust their schedules to prevent sunstroke. Additionally, as electricity demand reaches record-breaking levels of over 112 million units daily, authorities have recommended urgent electrical audits for buildings to prevent fire hazards. While summer rains are expected in the coming days, daytime temperatures are likely to remain dangerously high across the state.