നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ഈ വെടിക്കെട്ട് പുരയിൽ നിറയെ പ്രതീക്ഷകളും തിരക്കുമായിരുന്നു. മനോരമ ന്യൂസ് സംഘം ഇന്ന് രാവിലെയും ഈ സ്ഥലത്ത് എത്തി ദൃശ്യങ്ങൾ പകർത്തിയിരുന്നു. സാമ്പിൾ വെടിക്കെട്ട് വെള്ളിയാഴ്ച നടക്കാനിരിക്കെ, സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ അതിവേഗത്തിൽ ജോലികൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു.

മരുന്ന് നിറയ്ക്കുന്നതും വെടിക്കോപ്പുകൾ തയ്യാറാക്കുന്നതും എങ്ങനെയെന്ന് മനോരമ ന്യൂസ് പ്രതിനിധി പൂജ വിനോദിനോട് വിശദീകരിച്ചു കൊടുത്ത അതേ തൊഴിലാളികളാണ് മണിക്കൂറുകൾക്ക് ശേഷം ദുരന്തത്തിൽപ്പെട്ടത്. രാവിലെ കണ്ട ആ ഷെഡ്ഡുകളും നിർമ്മാണ സാമഗ്രികളും ഇപ്പോൾ വെറും ചാരക്കൂമ്പാരമായി മാറി.

ഉച്ചതിരിഞ്ഞ് 3:30-ഓടെയുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ രണ്ടര ഏക്കറിലുണ്ടായിരുന്ന അഞ്ച് ഷെഡ്ഡുകളും പൂർണ്ണമായും തകർന്നു. 35-നും 40-നും ഇടയിൽ തൊഴിലാളികൾ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നു.  ദുരന്തത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കിയിരുന്ന നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ കരാറുകാരൻ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരുക്കേറ്റു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട 13 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. 90 ശതമാനം പൊള്ളലേറ്റ ഒരാളെ വെന്റിലേറ്ററിലേക്ക് മാറ്റി. 

കൊല്ലപ്പെട്ടവരിൽ ഏഴുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് നിലവിൽ തിരിച്ചറിയാൻ സാധിക്കുന്ന അവസ്ഥയിലുള്ളത്. പരുക്കേറ്റവരിൽ പലർക്കും 70 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിട്ടുണ്ട്.  ശരീരഭാഗങ്ങൾ ദൂരേക്ക് ചിതറിത്തെറിച്ച നിലയിലായതിനാൽ മൃതദേഹങ്ങൾ ശേഖരിക്കാൻ ഏറെ പ്രയാസപ്പെട്ടു.

മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ തീയണയ്ക്കാൻ സാധിച്ചെങ്കിലും ഇപ്പോഴും പ്രദേശത്ത് കനത്ത പുകയും ഭീതിയും നിലനിൽക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാക്കി വെടിക്കെട്ടിനായി തയ്യാറാക്കി വെച്ചിരുന്ന അമിട്ടുകളും കുഴിമിന്നലുകളും ഒന്നിനുപിറകെ ഒന്നായി പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. തൃശൂർ പൂരത്തിന് വർണ്ണവിസ്മയം തീർക്കേണ്ടവർ ഒടുവിൽ അഗ്നിഗോളത്തിന് ഇരയായത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ENGLISH SUMMARY:

The Mundathikode fireworks accident tragically claimed 13 lives and injured many others, turning a site of anticipation into a devastating scene of destruction. Malayala Manorama Online News reported on the ongoing rescue and recovery efforts following the massive explosion.