ലൈംഗികാതിക്രമ കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി കണ്ണൂര്‍ കെഎസ്​യു ജില്ലാ പ്രസിഡന്‍റ് എം.സി.അതുല്‍. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു എന്നും പരാതിയിൽ പറയുന്നു. കണ്ണൂർ വനിതാ പോലീസ് ആണ് കേസ് എടുത്തത്. 

വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണെന്ന് അതുല്‍ പറഞ്ഞു. `നിന്നെ ഫിനിഷ് ചെയ്യും' എന്നാണ് അടക്കം പറിച്ചിൽ. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്‍പം കടന്ന കയ്യായിപ്പോയെന്നും അതുല്‍ പറഞ്ഞു. 

ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. വിവിധ ക്യാമ്പസുകളിൽ സംഘടനാ പ്രവർത്തനം നടത്തി പല വിദ്യാർഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയിൽ അവർക്കൊക്കെ എന്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും.

ഒരുപാട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല. വേദനകളും യാതനകളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും ഈ പൊളിറ്റിക്സിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോൺഗ്രസിന്റെ ലെഗസിയുമാണ്, ഫെയ്​സ്​ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ അതുല്‍ പറ‍ഞ്ഞു. 

കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനിൽ തൽക്കാലം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല (കേസിനെ ബാധിക്കുന്നത് കൊണ്ട്). ബാങ്ക് സ്റ്റേറ്റ്മെന്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. കോടതി നീതി ഉറപ്പാക്കട്ടെ. കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ. അവർക്ക് വിശദീകരണങ്ങളും പോരാതെ വരുമെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അതുല്‍ പങ്കുവച്ച പോസ്റ്റില്‍ പിന്തുണയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് ശ്രദ്ധ നേടി. 'കുമാര പിള്ള സഖാവിന്റെ കാലം കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ ശരിയും തെറ്റും കോടതി തീരുമാനിക്കട്ടെ. കോടതി തെറ്റുകാരൻ എന്ന് പറയാതെ നിന്നെ തള്ളിപ്പറയില്ല. ആരോഗ്യ മേഖലയുടെ കടയ്ക്കൽ കത്രിക വെച്ച അഭിനേത്രിയുടെ തനിനിറം തുറന്നു കാണിച്ച കണ്ണൂരിന്റെ സമരനായകൻ,' എന്നാണ് കമന്‍റില്‍ രാഹുല്‍ കുറിച്ചത്. സന്ദേശം സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച പ്രശസ്ത കഥാപാത്രത്തിന്‍റെ പേരാണ് കുമാര പിള്ള.  എന്തായാലും രാഹുലിന്‍റെ കമന്‍റിനെ പരിഹസിച്ചും പിന്തുണച്ചും മറുപടി കമന്‍റുകളുമെത്തി.

ENGLISH SUMMARY:

Kannur KSU District President MC Athul has issued an explanation following a sexual assault case filed against him, denying any malicious intent. He stated that the allegations are part of a larger pattern of harassment he has faced since protesting against Veena George, and he is awaiting the court's decision.