സ്വര്‍ണക്കടകളുടേയും ആഭരണ നിര്‍മാണ ശാലകളുടേയും മുറ്റത്തെ മണല്‍തരിയ്ക്കു പോലും വലിയ ഡിമാന്‍ഡ് ആണ്. സ്വര്‍ണവുമായി വരുന്നവരും പോകുന്നവരും അവരറിയാതെ മണ്ണില്‍ തള്ളുന്ന സ്വര്‍ണത്തിന്‍റെ തരിയ്ക്കു വേണ്ടിയാണ് ഈ ഡിമാന്‍ഡ്.
കാലങ്ങളായി സ്വര്‍ണ തെരുവുകളിലെ കാഴ്ചയാണിത്. പണ്ടുക്കാലത്ത് ഈ മണ്ണരിക്കാന്‍ വേണ്ടി മാത്രം തമിഴ്നാട്ടില്‍ നിന്ന് എത്രയോ പേര്‍ വരുമായിരുന്നു. കൈ കൊണ്ട് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചിരുന്ന കാലമായിരുന്നു സുവര്‍ണകാലം.
ഇപ്പോള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ആഭരണ നിര്‍മാണം മുന്നോട്ടു പോയപ്പോള്‍ സീറോ വേയ്സ്റ്റാണ്. അതുക്കൊണ്ടുതന്നെ, പഴയപോലെ സ്വര്‍ണ തരികള്‍ കിട്ടില്ല. എന്നിരുന്നാലും ചെറിയ തരികള്‍ കിട്ടുന്നുണ്ട് താനും. ഇപ്പോഴത്തെ വിലയ്ക്കു സ്വര്‍ണ തരി ചെറുതു കിട്ടിയാലും തൊഴിലാളികള്‍ ഹാപ്പിയാണ്.
സ്വര്‍ണക്കടകളിലും ചവിട്ടിയും ശുചിമുറിയുമെല്ലാം അരിച്ചുപെറുക്കാന്‍ ഇപ്പോഴും തൊഴിലാളികള്‍ വരുന്നുണ്ട്. മണ്‍തരികളെടുത്ത് കൊണ്ടുപോയി സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ മൂന്ന് ഏജന്‍സികളും തൃശൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മണ്‍തരികളിലെ സ്വര്‍ണം എത്രയാണോ കിട്ടിയത് അത് കടകള്‍ക്കു തിരിച്ചുനല്‍കും. ദൈനംദിനം സ്വര്‍ണത്തിന് വിലകൂടുമ്പോള്‍ തരി സ്വര്‍ണത്തിനു വേണ്ടിയാണ് ഇവരുടെ പ്രതീക്ഷ.