kunhikrishnan-expulsion-corruption-cpm-internal-conflict-kerala

തന്‍റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിന് ടി പുരുഷോത്തമനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കിയെന്ന വാര്‍ത്തയെ തുടര്‍ന്ന് ഫെയ്സ്ബുക്ക് പോസ്റ്റുമായി വി കുഞ്ഞികൃഷ്ണന്‍. 

"പയ്യന്നൂർ ഗാന്ധി പാർക്കിൽ വച്ചു നടന്ന എന്റെ പുസ്തക പ്രകാശന ചടങ്ങിൽ ഒരു കാഴ്ച്ചക്കാരനായി വന്നതിനാണോ ടി പുരുഷോത്തമനെ സിപിഎം പുറത്താക്കിയത്? അല്ലെന്നാണ് എന്റെ നിഗമനം! അങ്ങനെ എങ്കിൽ ഒരു പൊതു സ്ഥലത്ത് വച്ച് നടന്ന ആ പൊതു പരിപാടിയിൽ വന്ന് പോയ, എന്റെ പുസ്തകം പരസ്യമായും രഹസ്യമായും വാങ്ങിച്ചു വായിച്ച എത്രപേരെ പാർട്ടി പുറത്താക്കും.

ഇത് വിഷയം വ്യക്തിപരമാണ്. വ്യക്തി വൈരാഗ്യപരവുമാണ്. ആശയങ്ങളെ ബലികഴിക്കാനുള്ള പ്രവർത്തിയും അതിലുപരി പരാജയ ഭീതി കൊണ്ടും കൂടിയാണ്.

നടപടി സംബന്ധിച്ച് വാർത്ത സ്വന്തം ആശ്രിതരിലൂടെ "വർഗ്ഗവഞ്ചകർ പുറത്ത്" എന്ന തലക്കെട്ടുകളോടെ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക വഴി, ഇവർ പ്രതിനിധാനം ചെയ്യുന്ന വർഗം മാഫിയ-മുതലാളി വർഗമാണെന്ന് ഇവർ തന്നെ വിളിച്ചു പറയുകയാണ്. ഇവർക്ക് വർഗ്ഗ വഞ്ചകൻ കേവലം ഒരു കുഞ്ഞികൃഷ്‌ണനിൽ ഒതുങ്ങി നിൽക്കുന്നതല്ല, അവരുടെ മുതലാളി വർഗ്ഗത്തെ വഞ്ചിച്ച, അവർക്കൊപ്പം നിൽക്കാത്ത ഉറച്ച നിലപാടുള്ള കമ്മ്യൂണിസ്റ്റുകാർ എല്ലാം ഇവർക്ക് വർഗ്ഗ വഞ്ചകരും കോടാലി കയ്യും കുലം കുത്തിയും തന്നെയാണ്. ഇവരുടേത് ഏത് കുല മാണെന്നതാണ് പക്ഷേ ഇവിടെ വിഷയം!

അഴിമതിക്കാരനായ, ആരോപണ വിധേയനായ ഒരാളെ തന്നെ പയ്യന്നൂരിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സ്ഥാനാർത്ഥി ആക്കിയതിലുള്ള പ്രതിഷേധമായിരുന്നു അക്ഷരാർത്ഥത്തിൽ എന്റെ സ്ഥാനാർത്ഥിത്വം. വിജയമല്ല, പ്രതിഷേധമായിരുന്നു പ്രാഥമികമായ ഞങ്ങളുടെ ലക്ഷ്യം. അഴിമതിക്കെതിരായ സന്ധി ഇല്ലാത്ത പോരാട്ടത്തിൻ്റെ തുടർച്ച എന്നോളം എന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കൂടി മാത്രമേ സമൂഹത്തിൽ ഞാൻ ഉന്നയിച്ച വിഷയങ്ങൾ കൂടുതൽ ചർച്ചയാക്കാൻ സാധിക്കൂ എന്ന് ഞാൻ കരുതി. ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ രണ്ടും മൂന്നും അഞ്ച് പേരെ ഉള്ളൂ എന്നും, പയ്യന്നൂരിൽ ഒരു ഇലയനക്കം പോലും ഉണ്ടാക്കാൻ എനിക്ക് സാധിക്കില്ലെന്നും പറഞ്ഞവരിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലും ഉണ്ടെന്നിരിക്കെ, ഇപ്പോൾ പെട്ടെന്ന് എവിടെ നിന്നാണ് പാർട്ടിക്ക് അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ഏരിയ കമ്മിറ്റി അംഗത്തേയുമൊക്കെ ഇരയായി കിട്ടിയത്?

എന്താണ് പാർട്ടി സ്വയം പറഞ്ഞു വയ്ക്കുന്നത്, ഞാൻ ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങളെ അംഗീകരിക്കുന്ന ഇത്രയും ആളുകൾ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്നോ? അതോ എനിക്ക് പുറമെ ഇവർക്കെല്ലാം സത്യവും അസത്യവും അറിയാമായിരുന്നു എന്നോ? അപ്പോ പിന്നെ എന്റെ ആരോപണങ്ങളിലെ അഴിമതിയുടെ കണക്കുകൾ പാർട്ടി മെമ്പർമാരെ അറിയിച്ചിട്ടുണ്ട്, ബഹുജനങ്ങളെ അറിയിച്ചിട്ടുണ്ട് തുടങ്ങിയ ന്യായീകരണങ്ങൾ എന്തിനായിരുന്നു എന്ന് കൂടി പാർട്ടി തന്നെ ഈ പ്രത്യേക സാഹചര്യത്തിൽ വിശദീകരിക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ?. പാർട്ടിക്കുള്ളിൽ തന്നെയുള്ള ഇത്രയുമാളുകൾ എനിക്കൊപ്പം നിന്നെന്നാണ് പാർട്ടി തന്നെ ഇപ്പോൾ പറയുന്നതെങ്കിൽ ഞാൻ ആയിരുന്നു ശരി എന്ന് ജനങ്ങൾക്ക് തിരിച്ചറിയാനുള്ള ഒരവസരം കൂടിയായി ഇത് മാറി എന്നല്ലേ ഞാനും ഇന്നാട്ടിലെ ജനങ്ങളും കരുതേണ്ടത്?. തിരഞ്ഞെടുപ്പൊരു ജനാധിപത്യ പ്രക്രിയയാണ്. എത്ര കള്ളവോട്ടുകൾ ചെയ്ത് അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയാലും വോട്ട് പെട്ടിയിൽ ആണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ ആര് ജയിക്കും തോൽക്കുമെന്ന് അറിയാതിരിക്കുമ്പോൾ, ബൂത്തുകളിൽ എനിക്ക് അനുകൂലമായോ പ്രതികൂലമായോ എത്ര വോട്ടുകൾ രേഖപ്പെടുത്തിയെന്ന് തീർച്ചയില്ലാതിരിക്കുമ്പോൾ  എന്തിനാണ് പാർട്ടി ഇത്ര തിടുക്കപ്പെട്ട് വിവിധ വ്യക്തികൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നത് ഏറെ സംശയാസ്പതമായ വിഷയമാണ്!.

അതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. അത് കള്ളവോട്ട്‌ കൊണ്ട് മാത്രം വിജയമുറപ്പിക്കാം എന്ന് കരുതിയ എൽഡിഎഫ് സ്ഥാനാർത്ഥിക്കുണ്ടായ പരാജയഭീതിയും, സ്വന്തം സഖാക്കളെ പോലും വിശ്വാസമില്ല എന്നതിന്റെ സൂചനയുമാണ്. വർഗ്ഗരാഷ്ട്രീയം കൈമോശം വന്ന എല്ലാ ഏകാധിപതികളും ആദ്യം അവിശ്വസിക്കുക തന്റെ കൂട്ടാളികളെയാണ്. അതുവരെ അവർ അനുഭവിച്ച അധികാരത്തിന്റെ സുഖം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയത്തിലായിരിക്കും അവരുടെ തുടർന്നങ്ങോട്ടുള്ള ജീവിതം പോലും. ഇവിടേയും സ്ഥിതി വ്യത്യസ്തമാണെന്ന് ഞാൻ കരുതുന്നില്ല. 

തങ്ങളുടെ മുതലാളിത്ത വർഗ്ഗ താല്പര്യങ്ങൾക്ക് ഭാവിയിൽ വിലങ്ങുതടിയായേക്കാവുന്ന കമ്മ്യൂണിസ്റ്റുകാരെ വെട്ടിനിരത്തുക എന്ന ഉദ്ദേശത്തിൽ നിന്നുള്ള പ്രവർത്തി കൂടിയാണിത്. അഴിമതിയെ തുറന്ന് കാട്ടുവാൻ, പാർട്ടിക്കുള്ളിൽ ഉൾപാർട്ടി ജനാധിപത്യത്തിന്റെ സാധ്യതകൾ തുറന്നുകാട്ടുവാൻ മറ്റൊരു വി കുഞ്ഞികൃഷ്ണൻ ഉണ്ടാവരുത് എന്ന ചിന്തയാണ് ഇതിൽ പ്രബലമായിട്ടുള്ളത്.

നാളെ ഒരാൾ പയ്യന്നൂരിലെ സിപിഎം നേതൃത്വം വ്യക്തി താത്പര്യങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്നും, ഈ വ്യക്തികൾക്ക് വളരെ കൃത്യമായി റിയൽ എസ്റ്റേറ്റ്, കൊട്ടേഷൻ മാഫിയകളുമായി ബന്ധമുണ്ടെന്നും പറയാനുള്ള സ്ഥിതി ഉണ്ടാവരുത് എന്ന ലക്ഷ്യമാണ് ഇതുവഴി  മറനീക്കി പുറത്ത് വരുന്നത്. 

അതുകൊണ്ട് തന്നെ എനിക്ക് വേണ്ടി പ്രവർത്തിച്ചു, എനിക്ക് വേണ്ടി സംസാരിച്ചു, എന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു എന്നതൊക്കെ അവർക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെ പുറത്താക്കാനുള്ള കേവല ന്യായീകരണങ്ങൾ മാത്രമാണ്. ഈയവസരത്തിൽ എനിക്ക് ഉന്നയിക്കാനുള്ള ചോദ്യമിതാണ്.

ആർക്കെതിരെ നടപടിയെടുത്താലും പാർട്ടിയെ സ്നേഹിക്കുകയും പാർട്ടിക്ക് വേണ്ടി ജീവിക്കുകയും ചെയ്ത യഥാർത്ഥ കമ്യൂണിസ്റ്റുകാരായ മനുഷ്യർക്കൊക്കെ വോട്ടെണ്ണലിന് ശേഷം പാർട്ടി എന്ത് വിശദീകരണമാണ് നൽകാൻ പോകുന്നത് ?. ചില വ്യക്തികൾക്ക് വേണ്ടി യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ പാർട്ടിക്കുള്ളിൽ നിന്ന് പുറത്തേക്ക് കളയുമ്പോൾ അവർ മറുപടി അർഹിക്കുന്നില്ലെന്നാണോ പാർട്ടിയുടെ പുതിയ സംഘടന തത്വം ?. 

ഇത് കേവലമൊരു അച്ചടക്ക നടപടിയല്ല. ചിലർക്ക് ഇഷ്ടമില്ലാത്ത, അവർക്ക് അനഭിമതരായ ആളുകളെ വളരെ കൃത്യമായി ഫോക്കസ് ചെയ്ത് പിന്നാലെ കൂടി ഇല്ലാതാക്കുന്ന കെട്ട കാലത്തെ രാഷ്ട്രീയ പ്രവർത്തനമാണ്. അതിന് നിലവിലെ പയ്യന്നൂരിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി എന്റെ പേരും പുസ്തകവും ഉപയോഗിക്കുന്നു എന്നത് മാത്രമാണ് യാഥാർത്ഥ്യം. അല്ലെങ്കിൽ ഈ നേതൃത്വം തെളിയിക്കണം ഇപ്പോൾ പുറത്താക്കിയ വ്യക്തിയും, ഇനി പുറത്താക്കപ്പെടാൻ പോകുന്ന വ്യക്തികളും എനിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ തെളിവുകൾ!. ഇതൊരു വെല്ലുവിളിയായി കണക്കാക്കണ്ട, കാലത്തിൻ്റെ ആവശ്യമായും, ആ മനുഷ്യരുടെ അവകാശമായും കണക്ക് കൂട്ടിയാൽ മതി''. – അദ്ദേഹം വിശദീകരിക്കുന്നു. 

ENGLISH SUMMARY:

V Kunhikrishnan's political stance is highlighted in his Facebook post following the CPM's expulsion of T Purushothaman from primary membership. He questions the reasons behind the expulsion, suggesting it stems from personal vendettas and fear of defeat rather than genuine party principles.