തിരുവനന്തപുരം നെട്ടയം മലമുകളിലുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ നടപടി ആവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലർ ആർ ശ്രീലേഖ. പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനെതിരെ നടപടി വേണമെന്നും ഇല്ലെങ്കില്‍ താൻ തിരുവനന്തപുരം കമ്മിഷണർ ഓഫീസിനു മുൻപിൽ ധർണ ഇരിക്കുമെന്നാണ് ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച വാട്ട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും ശ്രീലേഖ പങ്കുവച്ചിട്ടുണ്ട്.
താന്‍ ഇപ്പോളും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്നുവെന്നും ശ്രീലേഖ കുറിച്ചു. എന്തായാലും നടപടി ഉണ്ടാവും. അതുകൊണ്ട് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും പോസ്റ്റില്‍ പറയുന്നു. പൊലീസിന്‍റെ പ്രവൃത്തിയെ തിരഞ്ഞെടുപ്പ് സമയത്തെ അധ:പതനമാണെന്ന് മണിക്കൂറുകള്‍ക്ക് മുന്‍പ് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ വിമര്‍ശിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് നെട്ടയം– മലമുകളില്‍ സംഘര്‍ഷമുണ്ടായത്. മലമുകളിലെ അയൽവാസികളും ബന്ധുക്കളുമായ രണ്ട് വീട്ടുകാർ തമ്മിലുള്ള അതിർത്തി തർക്കമാണ് മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ രാഷ്ട്രീയ സംഘർഷമായി മാറിയത്. വസ്തു തർക്കത്തിന്‍റെ തുടർച്ചയായി മലമുകളിലെ സുനിത- പുഷ്പാകരൻ ദമ്പതികളുടെ മൂത്തമകൻ സുനിൽ ഭാര്യയോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് അയൽവാസിയും ബന്ധുവും ബിജെപി പ്രവർത്തകനുമായ ബിനിൽ പരാതി നൽകി. ഇതേത്തുടർന്ന് സുനിലിനെ ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും മടങ്ങും വഴി ബിനിൽ ഒരു സംഘം ബിജെപി പ്രവർത്തകരുമായി എത്തി സുനിലിനെ മർദ്ദിച്ചു. ഇതിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയതോടെ നാട്ടുകാരും ബിജെപിക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായി വിഷയം മാറി എന്നാണ് സുനിലിന്റെ അമ്മ സുനിത പറയുന്നത്.
പുറത്തുനിന്ന് ബിജെപിക്കാരുമായി ബിനിൽ എത്തിയതോടെ പ്രതിരോധിക്കാൻ മലമുകളിലെ സിപിഎമ്മുകാർ ഉൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ചു. ഇരുവിഭാഗവും സെൻറ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം രാത്രിയോടെ ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ കല്ലേറിൽ എസ്എച്ച്ഒ വിപിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. വടി കൊണ്ടുള്ള ആക്രമണത്തിൽ പൊലീസുകാരുടെ കൈക്കും പരിക്കേറ്റു. വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും ഇടപെട്ട് പ്രദേശത്ത് ബിജെപിക്കാർ നിരന്തര പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തില്‍ കണ്ടാൽ അറിയാവുന്ന നാൽപ്പതിലധികം ബിജെപി പ്രവർത്തകര്‍ക്ക് എതിരെയും നാൽപ്പതിലധികം സിപിഎം പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസുകാരെ അക്രമിച്ചതിനും ആയുധങ്ങളുമായി സംഘം ചേര്‍ന്ന് അക്രമത്തിലേര്‍പ്പെട്ടതിനുമാണ് കേസെടുത്തത്.