മഴക്കാലത്തും ആപല്‍ക്കരമായ ഉഷ്ണതരംഗങ്ങള്‍ രൂപമെടുക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍. മഴക്കാലത്ത് രൂപമെടുക്കുന്ന ഈര്‍പ്പമുള്ള ഉഷ്ണതരംഗം കേരളത്തിന്‍റെ തീരദേശ ജില്ലകളില്‍ പുതിയ ഭീഷണിയായി മാറുകയാണ്. റീഡിങ് സര്‍വകലാശാലയും യു.കെ മെറ്റ് ഓഫീസും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കല്‍ മീറ്റിരിയോളജിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
മഴ നന്നായി പെയ്താലും തൊട്ടുപിറകെ ചൂടും വരും. എന്തൊരു ചൂട്, എന്തൊരു മഴ എന്ന് മാറ്റിമാറ്റി പറയേണ്ട സ്ഥിതി ഇന്ന് കേരളത്തിന് പരിചിതമാണ്. ഈര്‍പ്പമുള്ള ഉഷ്ണതരംഗങ്ങളാണ് ഇതിന് കാരണമാകുന്നത്. നല്ല രീതിയില്‍ വേനല്‍മഴ കിട്ടിയായലും മഴതോരും മുന്‍പേ അസഹ്യമായ ചൂട് അനുഭവപ്പെടും. മണ്‍സൂണ്‍ കാലത്തും ഇതേ രീതിയില്‍ ഇടവിട്ട് മഴയും ചൂടും എന്ന രീതിയില്‍കാലാവസ്ഥ മാറുകയാണെന്ന് റീഡിങ് സര്‍വകലാശല, Indian Institute of tropical meteorology, Leeds സര്‍വകലാശാല, U.K. Met office എന്നിവരുടെ സംയുക്ത പഠനം പറയുന്നു.
കടലിനോട് തൊട്ടു കിടക്കുന്ന കേരളം പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈര്‍പ്പമുള്ള ഉഷ്മതരംഗങ്ങള്‍ രൂപപ്പെടുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പം ഇഴുക്കം സൃഷ്ടിക്കും ഒപ്പം ഉയര്‍ന്ന താപനിലയും കൂടിയാകുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കാലാവസ്ഥ രൂപമെടുക്കും. ഈര്‍പ്പം കൂടി നില്‍ക്കുമ്പോള്‍ വിയര്‍ക്കാനുള്ള സാധ്യത കുറയും. അത് രക്ത സമ്മര്‍ദം ഉയര്‍ത്തുന്നതുള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ഉത്തരേന്ത്യയിലുണ്ടാകുന്ന വരണ്ട ഉഷ്ണ തംരഗങ്ങളെ കുറിച്ച് പൊതുവ എല്ലാവര്‍ക്കും അറിയാമെങ്കിലും ആര്‍ദ്രതയും ചൂടും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഈര്‍പ്പമുള്ള ഉഷ്ണതരംഗങ്ങളെ കുറിച്ചുള്ള പ്രാഥമിക അറിവുപോലും കുറവാണ്. 84 വര്‍ഷത്തെ കാലാവസ്ഥാ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഡോ .അക്ഷയ് ദേവറസിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ ഈര്‍പ്പവും ചൂടും ചേര്‍ന്നു സൃഷ്ടിക്കുന്ന അപകടകരമായ സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.