നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി 14 ദിവസം മാത്രം. ആരു വിജയക്കൊടി പാറിച്ചാലും പുതിയ സര്‍ക്കാര്‍ എന്നാവും നിലവില്‍ വരുക? സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിക്കുന്ന വഴികള്‍ നോക്കാം. നിര്‍ണായക തിരഞ്ഞെടുപ്പും കഴിഞ്ഞ് കേരളം കാത്തിരിക്കുകയാണ്, ഇനി വരുന്ന അഞ്ചു വര്‍ഷം ആരു ഭരിക്കും. ഇതറിയാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഫലം വന്നശേഷം പുതിയ സര്‍ക്കാര്‍ എപ്പോള്‍ നിലവില്‍വരണമെന്നതിന് കൃത്യമായ സമയക്രമവും മുന്നൊരുക്കങ്ങളും ഉണ്ട്.
മേയ് 20 ന് മുന്‍പ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നേ പറ്റൂ. 140 മണ്ഡലങ്ങളിലെയും ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അക്കാര്യം വ്യക്തമാക്കുന്ന ഗസറ്റ് വിജ്ഞാപനം ഇറക്കും. ഇത് ഗവര്‍ണര്‍ക്ക് കൈമാറും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും ഫലപ്രഖ്യാപനത്തിന്‍റെ വിശദാംശങ്ങള്‍ ലോക്ഭവനെ അറിയിക്കും. ഏതു മുന്നണിക്കാണോ ഭൂരിപക്ഷം ലഭിക്കുന്നത് അവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കും. അതിനിടെ ഭൂരിപക്ഷം ലഭിച്ച മുന്നണി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കണം.
ഗവര്‍ണരെ കണ്ട് സര്‍ക്കാര്‍രൂപീകരണത്തിന് തയ്യാറാണെന്ന് അറിയിച്ചതിന് ശേഷം സത്യപ്രതിജ്ഞയുടെ തീയതിയും സ്ഥലവും തീരുമാനിക്കും. നാലാം തീയതിക്ക് ശേഷം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ നിലവിലെ സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭയായി തുടരും. ഇനി തൂക്കുസഭയെങ്ങാനും വന്നാലോ ? മേയ് 20 മുന്‍പ് പുതിയ സമവാക്യങ്ങളൊന്നും വന്നില്ലെങ്കില്‍ കാര്യങ്ങളാകെ കുഴങ്ങുകയും ചെയ്യും.