മന്ത്രി കെ.രാജനെതിരെ ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിന്റെ ഉടമസ്ഥൻ നൗഫൽ രംഗത്ത്. ഉടമസ്ഥനായ തന്നോട് ഒന്നും ചോദിക്കാതെയാണ് മന്ത്രി കാര്യങ്ങളെല്ലാം ചെയ്തതെന്നും മന്ത്രിക്ക് കിളി പോയതുപോലെയാണ് തോന്നിയതെന്നും നൗഫല്‍. മന്ത്രി, മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചു. വിള്ളൽ വന്ന ഭാഗം തൊട്ടില്ല. മേൽക്കൂരയിൽ നോക്കിയാൽ വിള്ളൽ കൃത്യമായി മനസ്സിലാകുമെന്നും വിള്ളൽ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടായെന്നും നൗഫൽ പറഞ്ഞു. എല്ലാവരും ചോറ് തന്നെയല്ലേ കഴിക്കുന്നത് എന്നും നൗഫൽ.
അതേസമയം വീടുകളില്‍ കണ്ടെത്തിയ വിള്ളല്‍ മന്ത്രി മായ്ച്ചാല്‍ പോകുമോയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ.ജെനീഷ് പ്രതികരിച്ചു. 'സര്‍ക്കാരിന്‍റെ പി.ആറിന് വേണ്ടി വയനാടിനെ ഉപയോഗിച്ചു. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വീടുകളുടെ അവസ്ഥയാണിത്. കോണ്‍ഗ്രസിനെതിരെ സമരം നടത്തിയ ഡിവൈഎഫ്ഐ, ധര്‍മടത്ത് പിണറായി വിജയന്‍റെ വീടിനുമുന്നില്‍ ഇക്കാര്യത്തില്‍ സമരം നടത്തുമോയെന്നും ജെനീഷ് ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വയനാട്ടിലെ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കവേ ആയിരുന്നു ജെനീഷിന്‍റെ പ്രതികരണം.
ആദ്യം കൈമാറാന്‍ ഉദ്ദേശിക്കുന്ന 178 വീടുകളില്‍ എട്ട്, ഒന്‍പത് നമ്പര്‍ വീടുകളുടെ മേല്‍ക്കൂരയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതിന്റ ഗുണഭോക്താക്കള്‍ തന്നെ കരാര്‍ കമ്പനിയായ ഊരാളുങ്കലിന് പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി വീടുകളില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ വിള്ളൽ കണ്ടെത്തിയ വീട് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിക്കുകയും ചെയ്തു.
വീടുകളിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി കെ.രാജൻ പറയുന്നത്. വെള്ളം കിനിഞ്ഞ് വന്ന പാടാണത്. താമസം തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വീടും ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല പട്ടയം മാത്രമാണ് കൊടുത്തത്. വീട് കൈമാറിയതിന് ശേഷവും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരുടെ ധനസഹായം മുടങ്ങിയത് സാമ്പത്തിക വർഷം മാറുന്നതിന്റെ സാങ്കേതിക പ്രശ്നം മാത്രം, ഉടൻ തന്നെ പണം നൽകുമെന്നും മന്ത്രി കെ.രാജൻ മാധ്യമങ്ങളോട് പറഞ്ഞു.