സംസ്ഥാനത്ത് വൈകാതെ മിൽമ പാൽവില കൂട്ടിയേക്കും. പാൽവില വർധിപ്പിക്കണമെന്ന് വീണ്ടും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. നേരത്തെ നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലീറ്ററിന് 4 മുതൽ ആറ് രൂപ വരെ ആറ് മാസം മുൻപെടുത്ത തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ പട്ടം മിൽമ ആസ്ഥാനത്ത് പ്രതിഷേധിച്ചു.
മിൽമ പാൽവില കൂട്ടാൻ ആറ് മാസം മുൻപ് ബോർഡ് തീരുമാനിച്ചിരുന്നു. ലീറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടാനായിരുന്നു വിദഗ്ധ സമിതിയുടെ ശുപാർശ. തീരുമാനം വൈകുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന പരാതിയുമായാണ് മിൽമ എറണാകുളം യൂണിയൻ ഭാരവാഹികളുടെ പ്രതിഷേധം.
പാൽവില കൂട്ടാൻ സർക്കാരിൻ്റെ അനുമതി ആവശ്യമാണെന്നും വീണ്ടും കത്ത് നൽകുമെന്നും മിൽമ ചെയർമാൻ. പാൽവില കൂട്ടാൻ മിൽമ തീരുമാനിച്ചെങ്കിലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാർ അനുമതി നിഷേധിച്ചത്. മിൽമയുടെ ശുപാർശ വീണ്ടും പരിഗണിച്ചാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നാലുടൻ പാൽവില വർധന നടപ്പാവും.