വിഷു ശരിക്കും ഒരു പാന്‍ ഇന്ത്യന്‍ ഫെസ്റ്റിവലാണ്. കാർഷിക പഞ്ചാംഗത്തിലെ ആദ്യ ദിനമായ മേടവിഷുവിനാണ് കേരളത്തിൽ വിഷു ആഘോഷം. ഭാരതത്തിൽ നിലവിലിരുന്ന പഞ്ചാംഗം പ്രകാരം പുതുവർഷത്തിന്റെ ആരംഭം കൂടിയാണ് ഈ ദിനം. അതുകൊണ്ടു തന്നെ കേരളത്തിന്റെ വിഷു പല പേരുകളിൽ മറ്റു സംസ്ഥാനങ്ങളിലും ആഘോഷിക്കുന്നുണ്ട്. മലയാളികളുടെ വിഷു തമിഴ് മക്കൾക്ക് പുത്താണ്ട് ആണ്. തമിഴ് മാസമായ 'ചിത്തിരൈ'യിലെ ആദ്യ ദിവസം.
പുതുച്ചേരി, ശ്രീലങ്ക എന്നിവിടങ്ങളിലെ തമിഴ് വംശജരും പുത്താണ്ട് ആഘോഷിക്കാറുണ്ട്. വിഷുക്കണി പോലെ താലത്തിൽ മാങ്ങ, പഴം, ചക്ക, തേങ്ങ, പൂക്കൾ, നാണയങ്ങൾ, വെറ്റിലയും പാക്കും, ആഭരണങ്ങൾ, കണ്ണാടി എന്നിവ ഒരുക്കി കണി കണ്ടാണ് പുത്താണ്ടിനെ വരവേൽക്കുന്നത്.
മാങ്ങയുടെ പുളിയും മധുരവും സമാസമം ചേർത്ത പച്ചടിയാണ് സദ്യയിലെ പ്രധാന വിഭവം. കൃഷിക്കു നിലമൊരുക്കൽ തുടങ്ങുന്നതും പുത്താണ്ടിനാണ്. കന്നഡക്കാരുടെയും തെലുങ്കരുടെയും പുതുവർഷാഘോഷമാണ് ഉഗാദി. ഭാരതീയ ഹിന്ദു കലണ്ടറിലെ ആദ്യ മാസമായ ചൈത്രമാസത്തിലെ ഒന്നാം ദിവസമാണ് ഉഗാദി ആഘോഷിക്കുന്നത്. ഇതു മാർച്ച് അവസാനവും ഏപ്രിൽ ആദ്യവും വരാം. ആഘോഷത്തിന്റെ ഭാഗമായി മുറ്റത്തു കോലം വരയ്ക്കുകയും പടിവാതിൽ മാവിലകൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യും.പഞ്ചാബിന്റെ കാർഷികോത്സവമായ വൈശാഖി ഈ ദിവസങ്ങളില്‍ത്തന്നെ. സിഖ് പുതുവത്സരത്തിന്റെ ആരംഭമാണു ബൈശാഖി.
ബോഹാഗ് മാസത്തിലെ ബിഹുവാണ് ആസാമീസ് ജനതയുടെ പുതുവർഷാഘോഷം ആഘോഷപരിപാടികൾ ഒരു മാസം നീളും. കൃഷിക്കുള്ള കളമൊരുക്കലും അവിടെ തുടങ്ങിക്കഴിഞ്ഞു. കൃഷിയിടങ്ങളിലെ പൊലിപ്പാട്ട്, വളർത്തുമൃഗങ്ങളെ കണികാണിക്കൽ, കൈനീട്ടം നൽകൽ എന്നിങ്ങനെ അനേകം ആചാരങ്ങൾ ബിഹുവിനുമുണ്ട്.ബംഗാളികളുടെ പുതുവത്സരദിനമായ പോഹെല ബോയ്സാഖും ഇന്നാണ്. ഒഡീഷയിൽ മഹാവിഷുവ സംക്രാന്തി എന്നാണു വിഷു ആഘോഷത്തിന്റെ പേര്.