കൊച്ചി മെട്രോയുടെ എളംകുളം സ്റ്റേഷനില്‍ തൂണുകളില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുകയും വിള്ളല്‍ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ അറ്റകുറ്റപ്പണി ഉടനെന്ന് ഡിഎംആര്‍സി. ശാസ്ത്രീയമായി കോണ്‍ക്രീറ്റ് പാളികള്‍ ബലപ്പെടുത്തുമെന്നും തൂണുകള്‍ക്കും ബീമുകള്‍ക്കും ബലക്ഷയമില്ലെന്നും ഡിഎംആര്‍സി വ്യക്തമാക്കി. അറ്റകുറ്റപ്പണിക്കായി വിശദരൂപരേഖ തയ്യാറാക്കി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായി കെഎംആർഎൽ അറിയിച്ചു.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ എസ്.എ.റോഡിന് തലക്ക് മുകളിലാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് അപകടക്കെണി രൂപപ്പെട്ടത്. ഒരു വർഷം മുൻപാണ് ഈ ഭാഗത്ത് കോൺക്രീറ്റ് ഇളകി തുടങ്ങിയത്. നിലവിൽ കോൺക്രീറ്റ് പാളികൾ വീഴാതിരിക്കാൻ ചാക്കുകളും വലകളും ഉപയോഗിച്ചുള്ള താൽക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കോൺക്രീറ്റ് അടർന്നതിനെത്തുടർന്ന് തുരുമ്പ് പിടിച്ച കമ്പികൾ തെളിഞ്ഞു നിൽക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമയം, കൊച്ചി മെട്രോ തൂണുകളോടു ചേർന്നുള്ള റോഡ് ചിലയിടങ്ങളില്‍ ഇടിഞ്ഞ് താഴ്ന്നതും സമീപ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ അപകടാവസ്ഥ പരിഹരിക്കാനുള്ള അടിയന്തര നടപടികൾക്കു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. റോഡിന്‍റെ ഉപരിതലം നിരപ്പാക്കി, പ്രശ്നത്തിനു ശാശ്വത പരിഹാരമാണു വേണ്ടതെന്നാണ് കോടതി പറഞ്ഞത്. സമഗ്ര സുരക്ഷാ ഓഡിറ്റ്, റോഡ് സുരക്ഷ അടയാളപ്പെടുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ജൂൺ 11നു കോർപറേഷൻ നടപടി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.