Untitled design - 1

കൊച്ചി എളംകുളം മെട്രോ കെഎംഎം സ്റ്റേഷനിലെ തൂണുകളിൽ വിള്ളൽ . തൂണുകളില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു . കോണ്‍ക്രീറ്റ് താഴേക്ക് വീഴാതിരിക്കാന്‍ ചാക്കും വലയും കെട്ടി . വാഹനങ്ങള്‍ക്ക് അപകട ഭീഷണിയുണ്ട്. നേരത്തെ അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്.

 

കൊച്ചി മെട്രോ തൂണുകളോടു ചേർന്നുള്ള റോഡും ചിലയിടങ്ങളില്‍ ഇടിഞ്ഞു താഴ്ന്നതു സമീപദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  അപകടാവസ്ഥ പരിഹരിക്കാനുള്ള അടിയന്തര നടപടികൾക്കു ഹൈക്കോടതി നിർദേശം നൽകി. മുഴച്ചു നിൽക്കുന്ന റോഡ് ഉപരിതലം നിരപ്പാക്കി, പ്രശ്നത്തിനു ശാശ്വത പരിഹാരമാണു വേണ്ടതെന്നു കോടതി പറഞ്ഞു. സമഗ്ര സുരക്ഷാ ഓഡിറ്റ്, റോഡ് സുരക്ഷാ അടയാളപ്പെടുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജൂൺ 11നു കോർപറേഷൻ നടപടി റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.

 

മെട്രോ തൂണിന്റെ പൈലിങ് വരുന്ന ഭാഗം 3–4 ഇഞ്ച് ഉയർന്നും ചുറ്റുമുള്ള റോഡ് ഇടിഞ്ഞു താഴ്ന്നും നിൽക്കുന്നത് അപകടങ്ങൾക്കു വഴിവയ്ക്കുന്നതായി ചൂണ്ടിക്കാട്ടി കടവന്ത്ര സ്വദേശി പോളി വടക്കൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. രണ്ടു വർഷത്തിലേറെയായി ഈ നില തുടർന്നിട്ടും പരിഹാരമില്ല. രാത്രിയിലും മറ്റും ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിൽപെടാനും ജീവൻ നഷ്ടപ്പെടാനും കാരണമാകുന്നു. റോഡ് സുരക്ഷിതമാക്കണം, ഭാവി മെട്രോ പണിയിൽ ഈ അപാകത ഒഴിവാക്കണമെന്നും അഡ്വ. ജോമി കെ. ജോസ് മുഖേനയുള്ള ഹർജിയിൽ പറയുന്നു.

ENGLISH SUMMARY:

Kochi Metro pillar cracks at Elamkulam station are posing a significant danger, with concrete pieces falling and creating a risk for vehicles. The High Court has ordered immediate action to address the safety hazards and ensure a permanent solution to the crumbling infrastructure.