ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ്. ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി പട്ടിക വര്‍ഗ നിരോധന വകുപ്പും ചുമത്തി. 

നിതിന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണം കടമെടുത്തിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് ഒരു അധ്യാപികയ്ക്ക് നിരന്തരം കോള്‍ വന്നുവെന്നും അധ്യാപിക പരാതി നല്‍കിയിരുന്നുവെന്നും കണ്ണൂര്‍ കമ്മീഷണര്‍ പി. നിധിന്‍ രാജ് ഐപിഎസ് പറഞ്ഞു. ഇതുമൂലമുള്ള സമ്മര്‍ദവുമാകാം ആത്മഹത്യക്ക് കാരണം. നിതിന്‍ അധ്യാപികയുടെ നമ്പര്‍ ബോധപൂര്‍വം നല്‍കിയതാണോ ആപ്പ് ചോര്‍ത്തിയെടുത്തതാണോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

അധ്യാപകന്‍ റാം ഗുണ്ടയാണെന്ന് നിതിന്‍ രാജിന്റെ സഹോദരി നികിത മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു. നിറത്തിന്റെ പേരില്‍ HOD നിതിനെ അപമാനിച്ചെന്നും നികിത ആരോപിച്ചു. പരീക്ഷയില്‍ തോല്‍പ്പിക്കുമോയെന്ന് നിതിന് ഭയമുണ്ടായിരുന്നു. മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകന്‍ റാം ഭീഷണിപ്പെടുത്തി. ക്ലാസ്മുറിയില്‍ അധ്യാപകന്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും നിതിന്‍റെ സഹോദരി പറഞ്ഞു.

അതേസമയം നിതിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നികിത ചൂണ്ടിക്കാട്ടി. നിതിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കുമോയെന്ന് സംശയമുണ്ട്. നിതിന് നീതികിട്ടും വരെ ഏതറ്റം വരെയും പോകുമെന്നും നികിത വ്യക്തമാക്കി. നിലവില്‍ നിതിന്‍ രാജിന്റെ മരണം അന്വേഷിക്കാന്‍ 11 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ എസിപിക്കാണ് അന്വേഷണച്ചുമതല. 

ENGLISH SUMMARY:

Nitin Raj's death case involves accusations against faculty members for abetment to suicide. The investigation into this dental college student's death is ongoing, with concerns raised about loan app harassment and potential caste-based discrimination.