നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ ജഡ്ജിയാണ് ഹണി എം.വര്‍ഗീസ്.
സുപ്രീംകോടതി കൊളീജിയം ഉടന്‍ തീരുമാനമെടുക്കും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ നീണ്ടുപോയതിനാൽ 9 വർഷത്തോളം തുടർച്ചയായി ഹണി എം.വർഗീസിന് എറണാകുളത്തു സേവനം ചെയ്യേണ്ടി വന്നിരുന്നു.
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഉത്തരവ് പുറപ്പെടുവിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കെതിരെയുള്ള സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജഡ്ജിക്കെതിരായ പ്രചാരണം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നിവേദനത്തിൽ അറിയിച്ചു. ജഡ്ജിയെയും നീതിന്യായ സംവിധാനത്തെയും അപകീർത്തിപ്പെടുത്തുന്നതിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ നൽകിയ നിവേദനത്തിൽ പറയുന്നു.
അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ഉൾപ്പെടെ നിർദേശം നൽകണം. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ജഡ്ജിക്ക് ഉത്തരവിടാനാകു. മാധ്യമങ്ങളുടെ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല. വിമർശനങ്ങളോടു പ്രതികരിക്കാൻ ജഡ്ജിക്കു വേദിയില്ല. വിധി ന്യായങ്ങളിലൂടെയാണ് അവർ സംസാരിക്കുന്നത്.
കോടതി ഉത്തരവിന്റെ പേരിൽ ഇറങ്ങിയ ഊമക്കത്തിൽ ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും ചില അഭിഭാഷകർ, സിനിമ പ്രവർത്തകർ തുടങ്ങിയവർ നടത്തിയ പരാമർശങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.