കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം കേസായതോടെ അനുമതി നൽകിയ കേരള പൊലീസും പ്രതിക്കൂട്ടിൽ. തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് രേഖകൾ പരിശോധിച്ച്  പെണ്‍കുട്ടിക്ക് 18 വയസ് പൂർത്തിയായെന്ന് ഉറപ്പിച്ചത്. ഇതില്‍ വീഴ്ചയില്ലന്ന് വാദിക്കുന്ന പൊലീസ് നിലവിലെ കേസിന് പിന്നിൽ ദൂരൂഹതകൾ സംശയിക്കുന്നുമുണ്ട്. പരിശോധനക്ക് ആധാർ നൽകിയത് പെൺകുട്ടിയുടെ പിതാവാണെന്നും പൊലീസ് വ്യക്തമാക്കി. 

വെബ് സൈറ്റിലും ജനന സർട്ടിഫിക്കറ്റുമായി താരതമ്യം ചെയ്തപ്പോൾ ആധാർ വ്യാജമല്ലെന്ന് ഉറപ്പായെന്നും പറയുന്നു. ഇപ്പോൾ അത് വ്യാജ രേഖയാണന്ന് കണ്ടെത്തിയതിലാണ് ദുരൂഹത സംശയിക്കുന്നത്.  മാർച്ച് 11 നാണ് പെൺകുട്ടി തമ്പാനൂർ പൊലീസിൽ എത്തുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലെക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു വെന്നായിരുന്നു വാക്കാൽ പറഞ്ഞ പരാതി. തനിക്ക് കാമുകനൊപ്പം പോകണമെന്നും പെൺകുട്ടി പറഞ്ഞു.  18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെയാണ് പെൺകുട്ടിയുടെ താല്‍പര്യപ്രകാരം വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്

പോക്സോ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ  കസ്റ്റഡിയിലെടുത്തേക്കും. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ എന്നും  കേരളത്തിൽ വച്ച് നടന്ന വിവാഹത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്നും ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്. 

പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30 നാണെന്ന് തെളിയിക്കുന്ന മധ്യപ്രദേശിലെ മഹേശ്വർ ആശുപത്രിയിലെ രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിവാഹത്തിന്‍റെ ഭാഗമായവരിൽ നിന്നും ക്ഷേത്ര ഭാരവാഹികളിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയേക്കും. കുടുംബം എതിർത്തതിനെ തുടർന്ന് പെൺകുട്ടിയും   ഫർമാൻ ഖാനും  മാർച്ച് 11 നാണ് തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്.

 നടന്നത്  ലൗ ജിഹാദാണെന്ന്   ഇതുസംബന്ധിച്ച് പരാതി നല്‍കിയ  പ്രഥം ദുബെ  മനോരമ ന്യൂസിനോട് പറഞ്ഞു. മധ്യപ്രദേശിലെ പെണ്‍കുട്ടിയും യുപിയിലെ യുവാവും കേരളത്തില്‍ വന്ന് കല്യാണം കഴിച്ചതില്‍ സംശയമുണ്ട്. പൊലീസ് സംരക്ഷണം ലഭിച്ചതിലും ദുരൂഹതയെന്ന് പരാതിക്കാരന്‍ പറഞ്ഞു.

കുംഭമേള താരത്തിന്‍റെ വിവാഹത്തിന്മേലുള്ള പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഇരുവരുടെയും വിവാഹം  റിയല്‍ കേരള സ്റ്റോറിയാണ്.  ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ നോക്കിയിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു .  എം.വി.ഗോവിന്ദന്‍ നടത്തിയ എടുത്തുചാട്ടമെന്നാണ് ഇതിനോടുള്ള   കെ മുരളീധരന്‍റെ പരിഹാസം. നാല് വോട്ടിന് വേണ്ടി ഇത്തരം എടുത്ത് ചാട്ടങ്ങൾ പാടില്ല. പെണ്‍കുട്ടിക്ക് പ്രായ പൂർത്തിയായില്ലെന്ന പരാതി ഉൾപ്പെടെ  പരിശോധിക്കണമെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

ENGLISH SUMMARY:

As the marriage of the viral Kumbh Mela girl has turned into a legal case, the Kerala Police who granted permission have also come under scrutiny. The Thampanoor Police in Thiruvananthapuram had verified documents and confirmed that she was 18 years old. However, while the police maintain that there was no lapse on their part, they suspect foul play behind the current case. The Aadhaar card used for verification was provided by the girl’s father.